കേരള അർബൻ കോൺക്ലേവ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
അതിവേഗം നഗരവൽക്കരണം നടന്നുകൊണ്ടിരിക്കുന്ന കേരളത്തിൽ വ്യക്തവും സുസ്ഥിരവും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതുമായ നഗരനയം ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് സംഘടിപ്പിച്ച കേരള അർബൻ കോൺക്ലേവ് 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലോക ജനസംഖ്യയുടെ 60 ശതമാനത്തോളം നഗരങ്ങളിലാണ്. വിസ്തൃതിയിൽ ചെറുതാണെങ്കിലും ജനസാന്ദ്രതയിൽ കേരളം വളരെ മുന്നിലാണ്. 2035 ഓടെ കേരള ജനസംഖ്യയുടെ 90 ശതമാനത്തോളം നഗര ജനസംഖ്യയായി മാറുമെന്നാണ് വിലയിരുത്തൽ.
സാധാരണയായി നഗരവൽക്കരണം വ്യവസായവൽക്കരണത്തിന്റെ ഒരു ഉപ- ഉൽപ്പന്നമാണ്. വൻകിട വ്യവസായ നഗരങ്ങൾക്ക് ചുറ്റും ജനങ്ങൾ തിങ്ങിപ്പാർക്കാൻ തുടങ്ങുകയും നഗരങ്ങൾക്ക് ഉപഗ്രഹനഗരങ്ങൾ ഉണ്ടാവുകയും, അവ പിന്നീട് നഗരങ്ങളായി മാറുകയും ചെയ്യുന്നു. എന്നാൽ കേരളത്തിൽ നഗരവൽക്കരണം സംഭവിക്കുന്നത് വ്യവസായവൽക്കരണത്തോടനുബന്ധിച്ച് മാത്രമല്ല. സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ ഒട്ടേറെ ഘടകങ്ങൾ അതിലുണ്ട്.
കാലാകാലങ്ങളായി വിദേശരാജ്യങ്ങളുമായി നിലനിന്ന വാണിജ്യ ബന്ധം, സമാധാനാന്തരീക്ഷം, സാമൂഹിക ഐക്യം, വിശാലമായ തീരദേശം, ഉയർന്ന ജീവിത നിലവാരം, മെച്ചപ്പെട്ട വരുമാന നിലവാരം, കാലാവസ്ഥാ ഘടകങ്ങൾ എന്നിവയെല്ലാം കേരളത്തിൻ്റെ നഗരവൽക്കരണത്തിന് കാരണമായിട്ടുണ്ട് – മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. കേന്ദ്ര ഭവന നിര്‍മ്മാണ, നഗരകാര്യ വകുപ്പ് മന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ മുഖ്യാതിഥിയായി. ശ്രീലങ്ക നഗരവികസന മന്ത്രി അനുര കരുണതിലക, ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള അടിസ്ഥാന സൗകര്യ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം മാര്‍ട്ടിന്‍ മെയര്‍, ഹിമാചൽ പ്രദേശ് നഗര വികസന മന്ത്രി വിക്രമാദിത്യ സിംഗ്, മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, പി. രാജീവ്, കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം .അനിൽകുമാർ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് , കേരള അർബൻ പോളിസി കമ്മീഷൻ ചെയർമാൻ പ്രൊഫ. എം.സതീഷ് കുമാർ, എം.എൽ.എമാരായ കെ.എൻ. ഉണ്ണികൃഷ്ണൻ, കെ.ജെ.മാക്സി, ടി. ജെ. വിനോദ്, കെ. ബാബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.




















