സിയാലിൽ സി.ഐ.എസ്.എഫ് ഓപ്പറേഷണൽ കോൺഫറൻസ് തുടങ്ങി

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്  (സി.ഐ.എസ്.എഫ്) സംഘടിപ്പിക്കുന്ന  ഓപ്പറേഷണൽ കോൺഫറൻസ്  കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) ആരംഭിച്ചു. ദക്ഷിണേന്ത്യാ മേഖലയിലെ വ്യോമയാന സുരക്ഷാ നടപടികൾ അവലോകനം ചെയ്യുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായാണിത്.

‘മാറിവരുന്ന കാലഘട്ടത്തിലെ വിമാനസുരക്ഷ’ എന്നതാണ് രണ്ട് ദിവസത്തെ സമ്മേളനത്തിന്റെ മുഖ്യവിഷയം. സിയാൽ 0484 എയറോ ലോഞ്ചിലാണ് സമ്മേളനം. സി.ഐ.എസ്.എഫ് സ്പെഷ്യൽ ഡയറക്ടർ ജനറൽ (എ.പി.എസ്) പർവീർ രഞ്ജൻ ഉദ്‌ഘാടനം ചെയ്തു.

വ്യോമയാന സുരക്ഷ മനുഷ്യകേന്ദ്രീകൃതമാവുകയും  സാങ്കേതികവിദ്യ നിരന്തരം പുരോഗമിക്കുകയും വഴി  സുരക്ഷയും യാത്രക്കാരുടെ സൗകര്യവും ഒരുപോലെ ഉറപ്പാക്കണമെന്നും  പർവീർ രഞ്ജൻ പറഞ്ഞു. സി.ഐ.എസ്.എഫ്  ഇൻസ്പെക്ടർ ജനറൽ ജോസ് മോഹൻ , ആർ. പൊന്നി (ഡി.ഐ.ജി, സി.ഐ.എസ്.എഫ്) എന്നിവർ  സന്നിഹിതരായിരുന്നു.

ദക്ഷിണേന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള ചീഫ് എയർപോർട്ട് സെക്യൂരിറ്റി ഓഫീസർമാരും സീനിയർ ഡി.ഐ.ജി മാരും പങ്കെടുത്തു. പ്രവർത്തന സജ്ജത, അടിയന്തര സാഹചര്യം നേരിടാനുള്ള നൂതന പദ്ധതികൾ,  വിവിധ ഏജൻസികളുമായുള്ള ഏകോപനം, മെച്ചപ്പെട്ട സുരക്ഷ എന്നിവയാണ് മുഖ്യ ചർച്ചാവിഷയങ്ങൾ.

നിർമിത ബുദ്ധി (എ.ഐ.) അടിസ്ഥാനമാക്കിയുള്ള സർവെയ്ലൻസ്, ഫുൾ-ബോഡി സ്കാനറുകൾ, പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം, സൈബർസുരക്ഷാ സംവിധാനങ്ങൾ എന്നിവയെക്കുറിച്ചാണ് പ്രധാനമായും പ്രതിപാദിച്ചത്. സി.ഐ.എസ്.എഫ്  ജീവനക്കാരുടെ ക്ഷേമത്തിനായി കൊച്ചിയിൽ പുതിയ ഇൻഫ്രാസ്ട്രക്ചർ ഉദ്ഘാടനവും  ഫീൽഡ് സന്ദർശനങ്ങളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.