കോഴിക്കോടിന് പാട്ടിൻ്റെ തേൻമഴ സമ്മാനിച്ച് കെ.എസ്.ചിത്ര
മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി… പുലർകാലസുന്ദര സ്വപ്നത്തിൽ ഞാനൊരു… തുടങ്ങിയ ഇഷ്ടഗാനങ്ങൾ ഓണവിരുന്നായി ഒഴുകിയെത്തിയപ്പോൾ ചിത്രയുടെ സ്വരമാധുരിക്ക് നിറഞ്ഞ സദസിൻ്റെ കൈയടി. സംസ്ഥാന സർക്കാരിൻ്റെ ഓണാഘോഷം ‘മാവേലിക്കസ് 2025’ൻ്റെ ഭാഗമായി കോഴിക്കോട് ലുലു മാളിലെ വേദിയിലാണ് കെ.എസ്. ചിത്രയുടെ സംഗീത വിരുന്ന് അരങ്ങേറിയത്.
1986ൽ പുറത്തിറങ്ങിയ നഖക്ഷതങ്ങളിലെ മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി പാട്ടിൽ തുടങ്ങി പാടറിയേ പഠിപ്പറിയേ തുടങ്ങിയ മലയാളം, തമിഴ് സൂപ്പർഹിറ്റുകളും പൊൻവീണേ, താരാപഥം തുടങ്ങിയ യുഗ്മഗാനങ്ങളും പാടിയ ചിത്രയെ സംഗീത പ്രേമികൾ ഹർഷാരവത്തോടെ എതിരേറ്റു
സ്റ്റാർ സിംഗർ ഫേമുകളായ രൂപ രേവതി, ശ്രീരാഗ് ഭരതൻ, ദിശ പ്രകാശ് എന്നിവരും കെ.കെ. നിഷാദ്, അനാമിക എന്നീ ഗായകരുമാണ് ചിത്രയ്ക്കൊപ്പം പാടിയത്. ശ്രീരാഗമോ, ദുനിയാ കെ രക് വാലെ, മധുബൻമെ രാധിക നാഛേരേ തുടങ്ങി ഗാനങ്ങളും കൊഞ്ചം നിലവ്, തുമ്പയും തുളസിയും, എൻ്റെ തെങ്കാശി തമിഴ് പൈങ്കിളി, ഗോവിന്ദ ഗോവിന്ദ തുടങ്ങി ഫാസ്റ്റ് ഗാനങ്ങളും കോഴിക്കോടിനായി സമർപ്പിച്ചു കൊണ്ട് മാപ്പിളപ്പാട്ടിൻ്റെ ഈണത്തിലുള്ള മാനത്തൊരു പൊൻതാരകം എന്ന പ്രണയനിലാവ് സിനിമയിലെ പാട്ടും പാടി ചിത്രയും സംഘവും വേദിയെ കൈയ്യിലെടുത്തു.




















