ഗുരുവായൂരപ്പന് ഭക്തർ കാഴ്ചക്കുലകൾ സമർപ്പിച്ചു

ഉത്രാടദിനത്തിൽ  ഗുരുവായൂരപ്പന് തിരുമുൽക്കാഴ്ചയായി ഭക്തരുടെ  വക കാഴ്ചക്കുലകൾ. രാവിലത്തെ ശീവേലിക്കു ശേഷം ഏഴേകാലോടെ സ്വർണക്കൊടിമരത്തിന് സമീപം  മേൽശാന്തി കവപ്ര മാറത്ത് മനയിൽ അച്യുതൻ നമ്പൂതിരി നേന്ത്രക്കുല സമർപ്പിച്ചതോടെയാണ് ഉത്രാട കാഴ്ചക്കുല സമർപ്പണ ചടങ്ങ് തുടങ്ങിയത്.

തുടർന്ന് ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, ക്ഷേത്രം ഡി.എ. പ്രമോദ് കളരിക്കൽ എന്നിവർ കാഴ്ചക്കുലകൾ സമർപ്പിച്ചു.

തുടർന്ന് നൂറുക്കണക്കിന് ഭക്തർ  കാഴ്ചക്കുല സമർപ്പിച്ച് ദർശനസായൂജ്യം നേടി.  ഗുരുവായൂരപ്പന് സമർപ്പിച്ച കാഴ്ചക്കുലകളിൽ ഒരു ഭാഗം  തിരുവോണ സദ്യയുടെ വിശേഷ വിഭവമായ പഴംപ്രഥമന് ഉപയോഗിക്കും. ക്ഷേത്രാവശ്യങ്ങൾക്ക് ശേഷമുള്ളവ  ഭക്തർക്ക് ലേലം ചെയ്ത് നൽകും.