കടമക്കുടിയുടെ പ്രകൃതി ഭംഗി ആസ്വദിച്ച് ഒരു യാത്ര

കടമക്കുടിയുടെ പ്രകൃതി ഭംഗി ആസ്വദിച്ച് ഒരു ബോട്ട് യാത്ര. കൊച്ചിയുടെ ഭംഗി ആവാഹിച്ച് നിൽക്കുന്ന കടമക്കുടി യാത്രക്കാർക്ക് പുതിയ അനുഭവമായി മാറി. കടമക്കുടിയുടെ ടൂറിസം സാധ്യതകൾ ഉയർത്തിക്കാട്ടുന്നതിൻ്റെ ഭാഗമായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വാലി ഓഫ് ഹെവൻ സെമിനാറിനോട് അനുബന്ധിച്ചാണ് ‘കടമക്കുടി കാഴ്ച്ചകൾ’ എന്ന പേരിൽ ബോട്ട് യാത്ര സംഘടിപ്പിച്ചത്.

ബോൾഗാട്ടി റോ റോ ജെട്ടിയിൽ നിന്ന് തുടങ്ങിയ ബോട്ട് യാത്ര  വ്യവസായ  മന്ത്രി പി.രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു. ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മാറി ശാന്തമായ കായൽ കാഴ്ചകൾ ആസ്വദിക്കാൻ ഒരുക്കിയ യാത്രയിൽ നിരവധി ആളുകൾ ആവേശത്തോടെ പങ്കെടുത്തു. മുതിർന്നവർ പ്രായത്തെ മറികടന്ന് യാത്രയിൽ പങ്കാളികളായി.

യാത്ര ആരംഭിച്ചപ്പോൾ തന്നെ ബോട്ടിൽ ആഹ്ലാദത്തിന്റെ തിരമാലകൾ ഉയർന്നു. പാട്ടുകൾ പാടിയും നൃത്തം ചെയ്തും തങ്ങളുടെ യാത്ര കൂടുതൽ ആഹ്ളാദകരമാക്കി. കായലിന്റെ മനോഹാരിതയും പച്ചപ്പും നിറഞ്ഞ തീരങ്ങളും അവരെ അത്ഭുതപ്പെടുത്തി. പലരും  മനോഹരമായ കാഴ്ചകൾ അവരുടെ മൊബൈൽ ഫോണുകളിൽ പകർത്തി.

യാത്രയുടെ ആവേശം അതിന്റെ ഉച്ചസ്ഥായിയിലെത്തിയത് കാഴ്ചകളുടെ ഭാഗമായി ഒരുക്കിയ ചുണ്ടൻ വള്ളം ബോട്ടുകൾക്കൊപ്പം അണിനിരന്നപ്പോഴാണ്. കാഴ്ചക്കാർക്ക് ആവേശം പകർന്നുകൊണ്ട് താളാത്മകമായി തുഴഞ്ഞ് നീങ്ങുന്ന ചുണ്ടൻ വള്ളം ഉത്സവ പ്രതീതി നൽകി. ചുണ്ടൻ വള്ളം തുഴയുന്നവരുടെ ആവേശവും ആർപ്പുവിളികളും യാത്രയെ കൂടുതൽ വർണാഭമാക്കി.

കടമക്കുടിയുടെ ടൂറിസം സാധ്യതകൾ അടുത്തറിഞ്ഞും യാത്രികർ പാട്ടും നൃത്തവുമായി ആഘോഷിച്ചും ബോട്ട് യാത്ര വിജയമാക്കി. പ്രകൃതിയെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകൾക്ക് അവരുടെ മനസ്സിലെ സന്തോഷം പ്രകടിപ്പിക്കാൻ ലഭിച്ച  അവസരം കൂടിയായിരുന്നു ഇത്. യാത്ര കടമക്കുടിയുടെ ടൂറിസം മേഖലയ്ക്ക് പുതിയ പ്രതീക്ഷകൾ നൽകുകയും ജനങ്ങൾക്ക് മറക്കാനാവാത്ത  അനുഭവം സമ്മാനിക്കുകയും ചെയ്തു. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം. എൽ.എ, ഡി.ടി.പി.സി. സെക്രട്ടറി ലിൻ്റോ ജോസഫ്, ജിഡ സെക്രട്ടറി രഘുറാം , കോർഡിനേറ്റർ മനോജ് പടമാടൻ എന്നിവർ നേതൃത്വം നൽകി.