കളിവള്ളം തുഴയുന്ന കാക്കത്തമ്പുരാട്ടി  നെഹ്റു ട്രോഫി ഭാഗ്യചിഹ്നം

നെഹ്റു ട്രോഫി വള്ളംകളി യുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു.ആഗസ്റ്റ് 30 നാണ് ആലപ്പുഴ പുന്നമടക്കായലിൽ  71-ാമത് നെഹ്റു ട്രോഫി വള്ളംകളി അരങ്ങേറുക. ആരോഗ്യ മന്ത്രി വീണ ജോർജും സിനിമാ നടൻ കാളിദാസ് ജയറാമും ചേർന്നാണ് പ്രകാശനം നിർവ്വഹിച്ചത്. ആലപ്പുഴ പ്രൊവിഡൻസ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷനായി. തോമസ് കെ. തോമസ് എം.എൽ.എ മുഖ്യാതിഥിയായി.

വള്ളം തുഴയുന്ന കാക്കത്തമ്പുരാട്ടിയാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം.
ആലപ്പുഴ വട്ടയാൽ സ്വദേശി കാക്കരിയിൽ എസ്.അനുപമയാണ് ഭാഗ്യചിഹ്നം തയ്യാറാക്കിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച 166 എൻട്രികളിൽ നിന്നാണ് അനുപമ തയ്യാറാക്കിയ കാക്കത്തമ്പുരാട്ടിയെ തിരഞ്ഞെടുത്തത്.

ബി.എഡ്. ബിരുദധാരിയായ അനുപമ ഗ്രാഫിക് ഡിസൈനർ കൂടിയാണ്. 2024 ൽ ഫാസ്റ്റസ്റ്റ് ത്രീഡി പെയിൻറിങ്ങിൽ ഇൻറർനാഷണൽ ബുക്ക് ഓഫ് റെക്കോഡ്‌സ് ലഭിച്ചിട്ടുള്ള അനുപമ സ്‌കൂൾതല ദേശീയ പെയിൻറിങ് ജേതാവ് കൂടിയാണ്. 2021 ൽ കളർപെൻസിലിൽ കഥകളി പോട്രേറ്റ് ചെയ്തതിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സ് എന്നിവയും അനുപമക്ക് ലഭിച്ചിട്ടുണ്ട്.

കലാകാരനായ എം. സാജൻ, ലിസി ദമ്പതിമാരുടെ മകളാണ്.  മന്ത്രി വീണാ ജോർജ് ഭാഗ്യചിഹ്നം തയ്യാറാക്കിയ അനുപമയെ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ എ.ഡി.എം ആശ സി. എബ്രഹാം,  നസീർ പുന്നയ്ക്കൽ, സിമി ഷാഫി ഖാൻ,  കെ.ഡി.മഹീന്ദ്രൻ,  എസ്.സന്തോഷ്‌ലാൽ, പബ്ലിസിറ്റി കമ്മിറ്റി കൺവീനറായ ജില്ല ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.

മാവേലിക്കര രാജാരവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്‌സ് അധ്യാപകരായ വി.ഡി. ബിനോയ്, കെ എ.ഷാക്കിർ, ആർട്ടിസ്റ്റ് സതീഷ് വാഴവേലിൽ എന്നിവർ അടങ്ങുന്ന പാനലാണ് ഭാഗ്യചിഹ്നം തിരഞ്ഞെടുത്തത്. എൻ.ടി.ബി.ആർ.  കമ്മിറ്റി നൽകുന്ന 10001 രൂപ കാഷ് പ്രൈസും പ്രശസ്തി പത്രവും അനുപമക്ക് ലഭിക്കും.