ശാസ്ത്ര മുന്നേറ്റങ്ങളിൽ കേരളം രാജ്യത്തിന് മാതൃക – മുഖ്യമന്ത്രി

ശാസ്ത്ര മുന്നേറ്റങ്ങളിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നും ഈ മേഖലകളിൽ കേരളം നടത്തുന്ന പ്രവർത്തനങ്ങളെ രാജ്യം ഉറ്റുനോക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ അഭിമുഖ്യത്തിൽ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന ഗവേഷണ വികസന ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ശാസ്ത്ര ഗവേഷണങ്ങളുടെ ഗുണഫലങ്ങൾ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കണമെന്നതാണ് സർക്കാർ നയം. ശാസ്ത്രം ജനനന്മയ്ക്ക് എന്ന മുദ്രാവാക്യം എക്കാലവും പ്രസക്തമാണ്. കഴിഞ്ഞ പതിറ്റാണ്ടിൽ കേരളം അഭിമുഖീകരിച്ച പ്രളയം, നിപ, കോവിഡ്, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങളെ അതിജീവിച്ചത് ശാസ്ത്രീയമായ മാർഗങ്ങളിലൂടെയും പരിഹാരങ്ങളിലൂടെയുമാണ്.

മാലിന്യ സംസ്‌കരണവും ഭക്ഷ്യസുരക്ഷയും ശാസ്ത്രീയ രീതികളിലൂടെ മെച്ചപ്പെടുത്താൻ സംസ്ഥാനം കഴിഞ്ഞു. ഹരിത വിപ്ലവം, പോളിയോ വാക്‌സിൻ തുടങ്ങിയവ സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ട് വന്നത് ശാസ്ത്രത്തിലൂടെയാണ്. ഇവയിൽ കേരളത്തിനും നിർണായക പങ്ക് വഹിക്കാൻ കഴിഞ്ഞു.

പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗവും  ഭാവി തലമുറയ്ക്കായി കരുതലും ഉറപ്പുവരുത്തണം. നമ്മുടെ പരമ്പരാഗത അറിവുകളെയും തദ്ദേശീയ ഉൽപ്പന്നങ്ങളെയും ശാസ്ത്രീയ ഗവേഷണങ്ങളുമായി ബന്ധിപ്പിക്കണം. ഗവേഷണ മേഖലകളെ പരസ്പരം ബന്ധിപ്പിക്കുന്ന ശൃംഖല നിർമ്മിക്കേണ്ടതുണ്ട്.

കാലാവസ്ഥാ ഗവേഷണങ്ങൾ കൃഷിക്ക് പ്രയോജനപ്പെടുന്നതുപോലെ എല്ലാ ഗവേഷണ മേഖലകളെയും പരസ്പരം ബന്ധിപ്പിച്ച് മുന്നോട്ട് പോകണം. ഇത്തരത്തിൽ പരസ്പരം ബന്ധിപ്പിക്കാൻ കഴിയുന്ന മേഖലകളെ കണ്ടെത്താൻ ഉച്ചകോടിക്ക് കഴിയണം. അത്തരത്തിലുള്ള ചർച്ചകളും നിർദേശങ്ങളും ഉണ്ടാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ – മുഖ്യമന്ത്രി പറഞ്ഞു

കേരള ശാസ്ത്ര പുരസ്‌കാരം ഐ. എസ്.ആർ.ഒ. മുൻ ചെയർമാൻ ഡോ. എസ്. സോമനാഥിന് മുഖ്യമന്ത്രി സമ്മാനിച്ചു. രണ്ട് ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിലാഫലകവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. കൗൺസിലിന്റെ  ഗവേഷണ, വികസന നൂതന ആശയങ്ങളുടെ സമാഹാരം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ.പി. സുധീർ അധ്യക്ഷത വഹിച്ചു.

ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ഡോ. എസ്.സോമനാഥ്, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം. സി. ദത്തൻ എന്നിവർ സംബന്ധിച്ചു. മെമ്പർ സെക്രട്ടറി പ്രൊഫ. എ. സാബു സ്വാഗതവും
സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ബിനുജ തോമസ് നന്ദിയും പറഞ്ഞു.