വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പാൽ സമൃദ്ധിയിലേക്ക്

ക്ഷീരകര്‍ഷകര്‍ക്ക് പിന്തുണയേകി പാൽ സമൃദ്ധിയിലേക്ക് കുതിക്കുകയാണ് കൊല്ലത്തെ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്.
ബ്ലോക്കില്‍ നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഗുണഫലമായി 2024-25 ലെ കണക്കുപ്രകാരം ക്ഷീരസംഘം മുഖേനയുള്ള പാല്‍സംഭരണം 8500 ലിറ്ററിലേക്ക് ഉയര്‍ന്നിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ പദ്ധതികള്‍  നടപ്പിലാക്കിയാണ് ക്ഷീരമേഖലയെ ഇവിടെ സമ്പന്നമാക്കുന്നത്.

കൊയ്ത്തുകഴിഞ്ഞ് ബാക്കിയായ വൈക്കോല്‍ വിറ്റഴിക്കാനാണ് ‘ക്ഷീരാമൃതം’ പദ്ധതി. കുളക്കട ക്ഷീരോദ്പാദക സംഘം 240 രൂപ നിരക്കില്‍ ഒരു റോള്‍ വൈക്കോല്‍ നെല്‍കര്‍ഷകരില്‍ നിന്ന് വാങ്ങി ബ്ലോക്ക് പരിധിയിലെ കര്‍ഷകര്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്ത് വരുന്നു. 70 രൂപ നല്‍കിയാണ് യന്ത്രസഹായത്തോടെ വൈക്കോല്‍ റോളുകള്‍ ആക്കുന്നത്.

ഒരുവര്‍ഷത്തിനുള്ളില്‍ 3000 കിലോ വൈക്കോല്‍ വിപണനം നടത്താനായി. കച്ചിയുടെ പ്രാദേശിക ഉല്പാദനവും വിപണനവും പദ്ധതി വഴി ഉറപ്പാക്കി. കാലിത്തീറ്റയ്ക്ക് സബ്‌സിഡി കഴിഞ്ഞ നാല് വര്‍ഷങ്ങളായി വെട്ടിക്കവല ബ്ലോക്ക് പരിധിയിലെ ഉമ്മന്നൂര്‍, മൈലം, പവിത്രേശ്വരം, മേലില ഗ്രാമപഞ്ചായത്തുകളില്‍ കാലിത്തീറ്റ സബ്‌സിഡി നല്‍കുന്നു.

1,515 രൂപയുടെ 50 കിലോഗ്രാം കാലിത്തീറ്റ ബാഗിന് 50 ശതമാനമാണ് സബ്‌സിഡി. കാലിത്തീറ്റ ഫാക്ടറിക്ക് പകുതി വിലനല്‍കിയാണ് പഞ്ചായത്ത് കര്‍ഷകര്‍ക്ക് പിന്തുണയാകുന്നത്.  ക്ഷീരസംഘത്തില്‍ പാല്‍അളക്കുന്ന അഞ്ചുലക്ഷത്തില്‍ താഴെ വാര്‍ഷികവരുമാനമുള്ള 600 കര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. ഈ വര്‍ഷം 33 ലക്ഷം രൂപയാണ് സബ്‌സിഡി ഇനത്തില്‍ ചെലവഴിച്ചത്.

ബ്ലോക്ക് ക്ഷീരവികസന യൂണിറ്റുമായി ചേര്‍ന്ന് ‘ഗൃഹശ്രീ’ പദ്ധതിയുമുണ്ട്. 24 മാസം പ്രായമുള്ള കിടാരി, നാലു മുതല്‍ അഞ്ചുമാസം വരെ പ്രായമുള്ള രണ്ടു പെണ്ണാടുകള്‍, 25 മുട്ടക്കോഴികുഞ്ഞുങ്ങള്‍, 1000 രൂപ വില വരുന്ന അഞ്ച് വ്യത്യസ്തയിനം പച്ചക്കറികളുടെ 350 തൈകള്‍ എന്നിവ വിതരണംചെയ്തതിലൂടെ പാല്‍, മുട്ട, ഇറച്ചി, പച്ചക്കറി എന്നിവയുടെ ഉത്പാദനത്തിലും സ്വയംപര്യാപ്തതയാണ് ലക്ഷ്യം.

ക്ഷീരമേഖലയുടെ സുസ്ഥിരവികസനവും കര്‍ഷകരുടെ മെച്ചപ്പെട്ട ജീവിതസാഹചര്യവും ഉറപ്പാക്കുന്നതിന് തുടര്‍ന്നും നവീന പദ്ധതികള്‍ നടപ്പാക്കുമെന്ന് വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത് കുമാര്‍ വ്യക്തമാക്കി.