മത്സ്യബന്ധന യാനങ്ങളിൽ ട്രാൻസ്പോണ്ടറുകൾ

മത്സ്യതൊഴിലാളികൾക്ക് കാലാവസ്ഥാ വിവരങ്ങൾ ലഭ്യമാക്കി സുരക്ഷ ഉറപ്പാക്കുന്നതിനായി യാനങ്ങളിൽ ട്രാൻസ്പോണ്ടറുകൾ ഘടിപ്പി
ക്കുന്നു.

കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ  സഹകരണത്തോടെ  നടപ്പിലാക്കുന്ന പദ്ധതി വഴി ഐ.എസ്.ആർ.ഒ
വികസിപ്പിച്ചെടുത്ത  പ്രത്യേക ട്രാൻസ്പോണ്ടറുകളാണ് യാനങ്ങളിൽ ഘടിപ്പിക്കുന്നത്. എറണാകുളം ജില്ലയിൽ ഈ വർഷം മാർച്ച് മുതൽ മുന്നൂറിലധികം ട്രാൻസ്പോണ്ടറുകൾ ഘടിപ്പിച്ചു കഴിഞ്ഞു.

ഉയർന്ന തിരമാല, കാറ്റ് എന്നിവ ഉൾപ്പെടെയുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ, സമുദ്രത്തിലെ മത്സ്യ സാധ്യതാ മേഖലകൾ, രാജ്യത്തിന്റെ സമുദ്രാതിർത്തി ലംഘിക്കാതിരിക്കാനുള്ള മുന്നറിയിപ്പുകൾ, തൊട്ടടുത്തുള്ള ഹാർബറിന്റെ വിവരം, ഹാർബറിലേക്കുള്ള ദൂരം തുടങ്ങിയ വിവരങ്ങൾ മത്സ്യത്തൊഴിലാളികളുടെ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പിലൂടെ ലഭ്യമാകും.

കടലിൽ ഉണ്ടാകുന്ന അപകടം സംബന്ധിച്ച അടിയന്തര വിവരങ്ങൾ മലയാളം, തമിഴ് ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ മെസ്സേജുകൾ ആയും എത്തും. സ്ക്രീനിലുള്ള അപകട സൂചനാചിഹ്നങ്ങളിൽ സ്പർശിച്ചും അപകട സന്ദേശങ്ങൾ നിമിഷമാത്രയിൽ കൺട്രോൾ റൂമിലേക്ക് കൈമാറാനാകും. കൂടാതെ ഈ ഉപകരണം ഘടിപ്പിച്ച ബോട്ടുകൾ തമ്മിൽ സന്ദേശം അയക്കാനും സാധിക്കും.

ഉപഗ്രഹാധിഷ്ഠിത ഉപകരണം ആയതിനാൽ ഇൻ്റർനെറ്റ് സേവനം ആവശ്യമില്ല എന്നതും ഉപഗ്രഹത്തിന്റെ സേവനമേഖലയിൽ എവിടെയും പ്രവർത്തിക്കാനാകും എന്നതുമാണ് ട്രാൻസ്പോണ്ടറിനെ ഏറെ ആകർഷകമാക്കുന്നത്. കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി മത്സ്യ സമ്പദ്‌യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 60 ശതമാനം വിഹിതവും സംസ്ഥാന സർക്കാരിന്റെ 40 ശതമാനം വിഹിതവും ചേർത്ത് 100 ശതമാനം സബ്സിഡിയോട് കൂടിയാണ് ട്രാൻസ്പോണ്ടറുകൾ ഘടിപ്പിച്ചുനൽകുന്നത്.

ഇവയുടെ നിർമ്മാതാക്കളായ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്കോർഡ് സിസ്റ്റംസ് എന്ന കമ്പനിയുടെ ടെക്നീഷ്യന്മാർ   സൗജന്യമായി ഈ ഉപകരണം യാനങ്ങളിൽ ഘടിപ്പിച്ചു നൽകുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ ഏറെ കാലത്തെ ആവശ്യമാണ് മൊബൈൽ ഫോണിന്റെ റേഞ്ചിനെ കുറിച്ച് ആകുലപ്പെടാതെ ഉപയോഗിക്കാനാവുന്ന ഇത്തരം ഒരു ഉപകരണം.

ഇത് എല്ലാ മത്സ്യബന്ധനയാനങ്ങളിലും ഘടിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഇവ ഘടിപ്പിക്കാത്ത പക്ഷം ഫിഷിംഗ് ലൈസെൻസ്, സ്പെഷ്യൽ പെർമിറ്റ് എന്നിവ പുതുക്കി നൽകില്ല എന്നും വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർഎം.എഫ്. പോൾ അറിയിച്ചു. ഇതുവരെ ട്രാൻസ്പോണ്ടറുകൾ ഘടിപ്പിക്കാത്ത യാനങ്ങളുടെ ഉടമസ്ഥർ വൈപ്പിൻ ഫിഷറീസ് സ്റ്റേഷനുമായി  ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0484-2502768, 8089904656, 9846924564, 8848882645.