സഞ്ചാരികൾക്ക് ആമ്പൽ വസന്തമൊരുക്കി മലരിക്കൽ
മലരിക്കലിൽ ഇപ്പോൾ ആമ്പൽ വസന്തമാണ്. നോക്കെത്താ ദൂരത്തോളം പിങ്ക് നിറത്തിൽ പരന്നു കിടക്കുന്ന ആമ്പൽപ്പൂ പാടം കാണാൻ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. കോട്ടയത്ത് നിന്ന് ഏഴരകിലോമീറ്റർ ദൂരെയാണ് മലരിക്കൽ.
ജൂൺ, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലായാണ് മലരിക്കലിലെ പാടശേഖരങ്ങളിൽ ആമ്പൽ വിരിയുന്നത്. കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിലേക്ക് വെള്ളം കയറ്റുന്നതോടെ ആമ്പൽ പൂക്കാൻ തുടങ്ങും. 1800 ഏക്കറുള്ള ജെ ബ്ലോക്ക് ഒൻപതിനായിരം പാടശേഖരത്തിന്റെ മലരിക്കൽ ഭാഗത്തും 820 ഏക്കറുള്ള തിരുവായിക്കരി പാടത്തുമായാണ് ആമ്പൽ പൂക്കൾ വസന്തം ഒരുക്കുന്നത്.
രാത്രി വിരിയുന്ന പൂക്കൾ രാവിലെ പത്തോടെ വാടിത്തുടങ്ങും. സന്ദർശകർക്ക് വള്ളങ്ങളിൽ ആമ്പലുകൾക്കിടയിലൂടെ യാത്ര ചെയ്ത് കാഴ്ചകൾ കാണാനുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. കോട്ടയം – കുമരകം റോഡിൽ ഇല്ലിക്കൽ കവലയിൽ നിന്ന് തിരുവാർപ്പ് റോഡിലൂടെ തിരിഞ്ഞു പോകണം. കാഞ്ഞിരം ബോട്ട് ജെട്ടി റോഡിലൂടെ കാഞ്ഞിരം പാലം കയറി ഇറങ്ങുന്ന സ്ഥലമാണ് മലരിക്കൽ.
കുമരകത്ത് നിന്ന് ഒമ്പത് കിലോമീറ്ററും കോട്ടയത്തുനിന്ന് ഏഴര കിലോമീറ്ററും സഞ്ചരിച്ചാൽ കാഞ്ഞിരം മലരിക്കലിൽ എത്തിച്ചേരാം. പുത്തൻ റോഡിൻ്റെ വശങ്ങളിൽ ഇരുനൂറിലധികം വാഹനങ്ങൾ പാർക്ക് ചെയ്യാം. കൂടാതെ സമീപ പ്രദേശങ്ങളിലെ വീടുകളിൽ 30 രൂപ പാർക്കിങ് ഫീസോടെ വാഹനങ്ങൾ പാർക്ക് ചെയ്യാം.
രാത്രിയാണ് ആമ്പൽ പൂക്കൾ വിരിയുന്നത്. രാവിലെ 10 ആവുമ്പോൾ പൂക്കൾ വാടിത്തുടങ്ങും. രാവിലെ ആറു മുതൽ ഏഴുവരെയുള്ള സമയങ്ങളിൽ എത്തിയാൽ കൂടുതൽ ദൃശ്യഭംഗിയോടെ പൂക്കൾ കാണാം. സെപ്റ്റംബർ പകുതിവരെ ആമ്പൽപ്പൂവസന്തം ഉണ്ടാവും.
160 വള്ളങ്ങളാണ് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. ആമ്പൽപ്പാടം ചുറ്റിക്കാണാൻ ഒരാൾക്ക് 100 രൂപയാണ് വള്ളത്തിന് ഫീസ്. ഒരു മണിക്കൂറിന് ആയിരം രൂപ നൽകി വള്ളം വാടകയ്ക്കുമെടുക്കാം. ഫോട്ടോ ഷൂട്ട് നടത്താനാണ് ആളുകൾ ഇത് ഉപയോഗിക്കുന്നത്.
പ്രാദേശിക ടൂറിസത്തിലൂടെ നാലു കോടി രൂപയുടെ വരുമാനം ഒരു സീസണിൽ പ്രദേശവാസികൾക്ക് ലഭിക്കുന്നതായാണ് അനൗദ്യോഗിക കണക്ക്. ഈ വർഷം നേരത്തേതന്നെ ആമ്പൽ വിരിഞ്ഞതോടെ അതിൽ കൂടുതൽ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. അവധി ദിവസങ്ങളിൽ അയ്യായിരത്തിലധികം ആളുകൾ മലരിക്കൽ സന്ദർശിക്കുന്നുണ്ട്.




















