കുടുംബശ്രീ കഫേയിൽ ആദ്യ മൂന്നു മാസം അരക്കോടിയുടെ വിറ്റുവരവ്

രുചികരമായ ഭക്ഷണത്തിലൂടെ ആളുകളുടെ പ്രശംസ പിടിച്ചു പറ്റി പ്രീമിയം കഫേ. കോട്ടയം ജില്ലയിലെ കുടുംബശ്രീയുടെ പ്രീമിയം കഫേ തുടക്കത്തിൽ തന്നെ ഹിറ്റ്. ആദ്യമൂന്നുമാസം കൊണ്ടുതന്നെ അരക്കോടിയിലേറെ രൂപയുടെ ബിസിനിസുമായി കുറവിലങ്ങാട് കോഴായിലെ പ്രീമിയം കഫേ കുടുംബശ്രീയുടെ സംരംഭകചരിത്രത്തിൽ തന്നെ പുതിയ അധ്യായമാവുകയാണ്.

വിൽപനയും സൗകര്യങ്ങളും കൊണ്ടു കുടുംബശ്രീയുടെ പ്രീമിയം കഫേകളിൽ സംസ്ഥാനത്ത് തന്നെ ഒന്നാം സ്ഥാനത്ത് എത്തി കെ.എം. മാണി തണൽ വിശ്രമകേന്ദ്രത്തിൽ ആരംഭിച്ച കുടുംബശ്രീ കഫേ. ദിവസവും ശരാശരി 60000 രൂപയ്ക്കു മുകളിലുള്ള കച്ചവടമാണ് ഇവിടെ നടക്കുന്നതെന്ന് കഫേയുടെ നടത്തിപ്പു നിർവഹിക്കുന്ന കുടുംബശ്രീ കൺസോർഷ്യത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റ് ബീന തമ്പിയും സെക്രട്ടറി ഷഹാന ജയേഷും പറയുന്നു.

ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ കച്ചവടം നടന്ന ദിവസങ്ങളുണ്ട്.
ഈ വർഷം ഏപ്രിൽ എട്ടിനാണ്  മന്ത്രി എം.ബി. രാജേഷ് പ്രീമിയം റെസ്റ്റോറന്റ് ഉദ്ഘാടനം ചെയ്തത്. ജുലായ് 16 വരെയുള്ള കണക്ക് അനുസരിച്ച് റെസ്റ്റോറന്റിലെ ഭക്ഷണ വിൽപനയിലൂടെ മാത്രം 54,69,487 രൂപയാണ് പ്രീമിയം കഫേയുടെ വരുമാനം. തുടങ്ങി രണ്ടാം മാസം തന്നെ പ്രതിമാസ ബിസിനിസ് 20 ലക്ഷം രൂപ കടന്നു.

കുടുംബസമേതം ആസ്വദിച്ചു ഭക്ഷണം കഴിക്കാൻ മിതമായ നിരക്കിൽ, പ്രീമിയം നിലവാരത്തിലുള്ള റെസ്റ്റോറന്റും എം.സി. റോഡരികിൽ വിശാലമായ പാർക്കിങ് സൗകര്യവും യാത്രാസംഘങ്ങൾക്ക് സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച ടേക്ക് എ ബ്രേക്ക് വഴിയോരവിശ്രമസൗകര്യവും എന്നതാണ് ഈ പ്രീമിയം കഫേയുടെ ഹൈലൈറ്റ്.

പുതുതായി പ്രവർത്തനമാരംഭിച്ച സയൻസ് സിറ്റിക്ക് തൊട്ടടുത്താണ് കഫേ. സയൻസ് സിറ്റിയിലെത്തുന്ന സന്ദർശകർക്ക് നല്ലഭക്ഷണം തേടി ദൂരെയെങ്ങും പോകേണ്ട.ഏറെ തിരക്കുള്ള എം.സി. റോഡ് യാത്രികർക്കും തുണയാണ് കഫേ. രാവിലെ 6.30 മുതൽ രാത്രി 11.30 വരെയാണ് കഫേയുടെ പ്രവർത്തനം.

ഊണും ബിരിയാണിയുമാണ് ഏറ്റവും കൂടുതൽ വിൽപനയുളളത്. സാധാരണവിഭവങ്ങൾക്കൊപ്പം പിടിയും കോഴിയും പോലെയുള്ള സ്പെഷൽ വിഭവങ്ങളും ചൈനീസ് വിഭവങ്ങളുമുണ്ട്. കുടുംബശ്രീ സംരംഭമായ കേരള ചിക്കൻ തന്നെയാണ് കഫേയിലെ ആവശ്യത്തിന് ഉപയോഗിക്കുന്നത്.

രണ്ടു ഷിഫ്റ്റുകളിലായി 13 പാചകക്കാരാണ് കഫേയിൽ ഉള്ളത്. ഇവരടക്കം 52 കുടുംബശ്രീ വനിതകൾക്കു തൊഴിൽ നൽകുന്ന സംരംഭമായി പ്രീമിയം കഫേ മാറി. ബ്ളോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള എട്ട് ഗ്രാമപഞ്ചായത്തുകളിൽനിന്നുള്ള വനിതകളെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകിയാണ് കഫേയിൽ നിയമിച്ചത്.