കുട്ടനാടിനെ അടുത്തറിയാൻ കുട്ടനാട് സഫാരി ഒരുങ്ങുന്നു

കുട്ടനാടിന്റെ  പ്രകൃതി മനോഹാരിതയും ജലയാത്രയും ആസ്വദിക്കാൻ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ കുട്ടനാട് സഫാരി വിനോദസഞ്ചാരികൾക്കായി ഒരുങ്ങുന്നു.

ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ആശയമാണ് ഈ ബജറ്റ് ടൂറിസം യാത്രയ്ക്ക് പിന്നിൽ.  വശ്യമായ കാഴ്ചകളും നാടൻ ഭക്ഷണവും നാടിന്റെ കരവിരുതും കലാപരിപാടികളും സഞ്ചാരികൾക്ക് ഈ യാത്ര സമ്മാനിക്കും.

കുട്ടനാട് സഫാരി ആരംഭിക്കുന്നതിന് മുന്നോടിയായി  മന്ത്രി ഗണേഷ് കുമാർ മുഹമ്മ ഗ്രാമപഞ്ചായത്തിലെ പാതിരാമണൽ ദ്വീപ് സന്ദർശിച്ചു. കുട്ടനാടിന്റെ മുഴുവൻ മനോഹാരിതയും ഒറ്റ ബോട്ട് യാത്രയിൽ ആസ്വദിക്കാവുന്ന വിധം ഗൾഫ് രാജ്യങ്ങളിലെ ഡെസേർട്ട് സഫാരിക്ക് തത്തുല്യമായിട്ടായിരിക്കും ഈ പദ്ധതി നടപ്പിലാക്കുകയെന്ന് മന്ത്രി പറഞ്ഞു.

ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നാണ് യാത്ര തുടങ്ങുന്നത്. ആദ്യം എത്തിച്ചേരുക പുന്നമടയിലെ  ചുണ്ടൻവള്ളങ്ങൾ കുതിച്ച് പായുന്ന നെഹ്‌റു ട്രോഫി ഫിനിഷിംഗ് പോയിന്റിലാണ്. തുടർന്ന് യാത്ര അഴീക്കൽ കനാലിലൂടെ. ഇവിടെ നാടൻ രുചികൾ അടങ്ങിയ പ്രഭാത ഭക്ഷണം സഞ്ചാരികൾക്കായി നൽകും.

കൂടാതെ പായ നെയ്ത്ത് കാണുന്നതിനും അത് സ്വയംചെയ്യുന്നതിനും അവസരം ഉണ്ടാകും. ഓല കൊണ്ടുള്ള കരകൗശല ഉൽപ്പന്നങ്ങളായ കുട, മുറം, പായ എന്നിവ വാങ്ങുന്നതിനും അവസരം ഉണ്ട്.

തുടർന്ന് കളിവള്ളങ്ങൾ കണ്ട് കുട്ടനാടിന്റെ അത്ഭുതകരമായ പ്രകൃതി ഭംഗിയും സി ബ്ലോക്ക് ആർ ബ്ലോക്ക് എന്നിവയുടെ പിറവിയെ പറ്റിയും അടുത്തറിയാം. ആർ ബ്ലോക്കിൽ എത്തി കഴിയുമ്പോൾ കുട്ടനാടൻ ശൈലിയിൽ ഷാപ്പ് വിഭവങ്ങളും കായൽ വിഭവങ്ങളും ഒത്ത് ചേർന്ന ഉച്ചയൂണ് തയ്യാർ.

യാത്രയിൽ പഞ്ചവാദ്യവും ശിങ്കാരിമേളവും വേലകളിയും കുത്തിയോട്ടവും അടങ്ങുന്ന ദൃശ്യങ്ങളും ബോട്ടിൽ സഞ്ചാരികൾക്കായി പ്രദർശിപ്പിക്കും.  വൈകിട്ട് യാത്ര എത്തിച്ചേരുന്നത് പാതിരാമണൽ ദ്വീപിലാണ്. ഇവിടെ പരിസ്ഥിതി സൗഹൃദ വസ്തുക്കളാൽ നിർമ്മിച്ച ആംഫി തിയേറ്ററിൽ നാടൻ കലാരൂപങ്ങൾ അരങ്ങേറും.

തിരികെ ആലപ്പുഴയിലേക്കുള്ള യാത്രയിൽ കായലിൽ നിന്നും കക്ക വാരുന്നതും നീറ്റുന്നതും അവ ഉൽപ്പന്നമാക്കി മാറ്റുന്നതും കാണാം. കൂടാതെ ഫ്ലോട്ടിംഗ് ഷോപ്പുകളിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങുവാനും സാധിക്കും. യാത്ര ആരംഭിച്ച ആലപ്പുഴ ബോട്ട് ജെട്ടിയിൽ തന്നെയാണ് സഫാരി അവസാനിക്കുക.