ലോകത്തിലെ ഏറ്റവും ഉയരമുള്ള ചെനാബ് റെയിൽ പാലം തുറന്നു

ഹിമാലയത്തിൻ്റെ മടിത്തട്ടിൽ പണിത ലോകത്തിലെ ഏറ്റവും ഉയരമുള്ള ചെനാബ് കമാന റെയിൽ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. അഞ്ജി റെയിൽ പാലത്തിൻ്റെ ഉദ്ഘാടനവും നിർവ്വഹിച്ചു. ചെനാബ് പാലം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ത്രിവർണ്ണപതാക വീശി പാലത്തിലൂടെ നടന്നു.

ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (യു.എസ്.ബി. ആർ.എൽ) പദ്ധതിയും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. ഏകദേശം 43,780 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച 272 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയിൽ 36 തുരങ്കങ്ങളും (119 കിലോമീറ്റർ നീളം) 943 പാലങ്ങളും ഉൾപ്പെടുന്നു. ശ്രീമാതാ വൈഷ്ണോ ദേവി കത്രയിൽ നിന്ന് ശ്രീനഗറിലേക്കും തിരിച്ചുമുള്ള രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.

ചെനാബ് പാലവും അഞ്ജി പാലവും ജമ്മു കശ്മീരിലെ അഭിവൃദ്ധിക്ക് ഉത്തേജകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ  പദ്ധതികൾ ടൂറിസത്തെ ഉത്തേജിപ്പിക്കുക മാത്രമല്ല സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകൾക്ക് ഗുണം ചെയ്യും.  ബിസിനസുകൾക്കും വ്യവസായങ്ങൾക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കും. ജമ്മു കശ്മീരും കശ്മീരും തമ്മിലുള്ള മെച്ചപ്പെട്ട റെയിൽ കണക്റ്റിവിറ്റി പ്രാദേശിക സംരംഭകർക്ക് പുതിയ വാതിലുകൾ തുറക്കുമെന്നും ഇത് സാമ്പത്തിക വളർച്ചയ്ക്ക് കാരണമാകുമെന്നും പ്രധാനമന്ത്രി എടുത്തു പറഞ്ഞു.

ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള ബന്ധം മെച്ചപ്പെടുത്തും എന്നതാണ് പാലത്തിന്റെ പ്രധാന നേട്ടം. ഇതിലൂടെ ഓടുന്ന വന്ദേ ഭാരത് എക്സ്പ്രസ്  കത്രയ്ക്കും ശ്രീനഗറിനും ഇടയിലുള്ള യാത്രാ സമയം ഏകദേശം മൂന്ന് മണിക്കൂറായി കുറയ്ക്കും. നിലവിലുള്ള യാത്രാ സമയം രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ കുറയും.

ചെനാബ് റെയിൽ പാലം

നദീതടത്തിൽ നിന്ന് 359 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചെനാബ് റെയിൽ പാലം ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ കമാന പാലമാണ്. ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരത്തിലാണ് ഇത്. 1,315

മീറ്റർ വ്യാപ്തിയുള്ള ഈ സ്റ്റീൽ കമാന ഘടന ഉദംപൂർ ശ്രീനഗർ ബാരാമുള്ള റെയിൽവേ ലിങ്കിന്റെ  പ്രധാന ഭാഗമാണ്. ഇന്ത്യയുടെ എഞ്ചിനീയറിംഗ് രംഗത്തെ  സുപ്രധാന നാഴികക്കല്ലു കൂടിയാണിത്.

ദുർഘടകരമായ ഭൂപ്രകൃതിയിൽ പ്രതികൂല കാലാവസ്ഥ തരണം ചെയ്യാൻ പറ്റുന്ന തരത്തിൽ  രൂപകല്പന ചെയ്ത പാലത്തിന് മണിക്കൂറിൽ 260 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനെ നേരിടാൻ കഴിയും. കൂടാതെ 120 വർഷം നിലനിൽക്കും. 1,486 കോടി രൂപയാണ് പദ്ധതി ചെലവ്.  മൈനസ് 10 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയ്ക്ക് അനുയോജ്യമായ  ഉരുക്ക് ഉപയോഗിച്ചാണ് നിർമ്മാണം നടത്തിയിരിക്കുന്നത്. നിർമ്മാണത്തിനായി ഏറ്റവും സങ്കീർണ്ണമായ ‘ടെക്ല’ സോഫ്റ്റ്‌ വേറാണ് ഉപയോഗിച്ചത്.

അഞ്ജി ഖാദ് പാലം

ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേയ്‌ഡ് റെയിൽവേ പാലമാണ് അഞ്ജി ഖാദ് പാലം. ഉധംപൂർ ശ്രീനഗർ ബാരാമുള്ള റെയിൽ ലൈനിലെ കത്ര ബനിഹാൽ ഭാഗത്തെ ബന്ധിപ്പിക്കുന്ന ചെനാബിന് തെക്ക് ആഴത്തിലുള്ള അഞ്ജി നദീതടത്തിലൂടെയാണ് ഇത് നീങ്ങുന്നത്.

ജമ്മു നഗരത്തിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെ മഞ്ഞുമൂടിയ കൊടുമുടികളുടെ ശ്രദ്ധേയമായ പശ്ചാത്തലത്തിലാണ് പാലം സജ്ജീകരിച്ചിരിക്കുന്നത്. നദീതടത്തിൽ നിന്ന് 331 മീറ്റർ ഉയരവും 725 മീറ്റർ വീതിയുമുള്ള ഇത് 96 ഉയർന്ന ടെൻസിൽ കേബിളുകളാൽ നങ്കൂരമിട്ടിരിക്കുന്നു.. പാലത്തിൽ ഉപയോഗിച്ചിരിക്കുന്ന കേബിൾ സ്ട്രിൻഡിന്റെ ആകെ നീളം 653 കിലോമീറ്ററാണ് വെറും 11 മാസത്തിനുള്ളിലാണ് ഇത് പൂർത്തിയാക്കിയത്.

8,200 മെട്രിക് ടണ്ണിലധികം ഉരുക്ക് ഇതിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചു. ഭൂചലനം ശക്തമായ കാററ്, മാറിക്കൊണ്ടിരിക്കുന്ന ഭൗമ ഘടന എന്നിവയെ പ്രതിരോധിക്കാന്‍ കെല്‍പ്പുള്ളതാണ്. അൻജി ഖാദ് പാലത്തിന്റെ നിര്‍മ്മിതി.