പേരാമ്പ്ര ഫാമിൽ കണിവെള്ളരി കൃഷിയുടെ പച്ചപ്പ്
വിഷുവിന് കണിയൊരുക്കാനായി മഞ്ഞ കലർന്ന സ്വർണ നിറമുള്ള കണിവെള്ളരി പാടത്ത് നിറയാൻ ഇനി അധിക സമയം വേണ്ട. കണി വെള്ളരി ഇത്തവണയും കോഴിക്കോട് പേരാമ്പ്ര സർക്കാർ ഫാമിൽ കൃഷിയിറക്കിയിട്ടുണ്ട്.
മകര മാസം അവസാന വാരത്തിലാണ് വിത്തിട്ടത്. ഇപ്പോൾ അവ മുളച്ച് വള്ളി പടരുന്ന ഘട്ടത്തിലാണ്. ഇടയിലുള്ള കളകൾ നീക്കം ചെയ്ത് വള്ളി പടരുന്നതിന് ഓലയും വാഴക്കച്ചിയും മറ്റും വിരിച്ചു കൊടുത്തു. കഴിഞ്ഞ തവണ ഇടയ്ക്ക് മഴ പെയ്തപ്പോൾ വയലിലെ ചെളിയിൽ കുറേ കായ്കൾ വിഷുക്കണി വെക്കാൻ പറ്റാത്ത നിലയിൽ നശിച്ചിരുന്നു. ആ പ്രശ്നം പരിഹരിക്കാനാണിത്.
എങ്കിലും കഴിഞ്ഞ വർഷം നല്ല വിളവ് കിട്ടിയിരുന്നു. വിഷുക്കാലത്ത് കണി ഒരുക്കാൻ നല്ല ഭംഗിയുള്ള കണിവെള്ളരിക്ക് പേരാമ്പ്ര ഫാമുമായി ബന്ധപ്പെടാമെന്ന് ഫാമിൻ്റെ ചുമതല വഹിക്കുന്ന കൃഷി അസി. ഡയരക്ടർ പി. പ്രകാശ് അറിയിച്ചു.




















