കൂൺ കൃഷിയിൽ വിജയം കൊയ്യാൻ പാലക്കാട്
കൂൺ കൃഷിയിൽ വിജയം കൊയ്യാൻ പാലക്കാട് തൃത്താല സജ്ജമായി. ‘സുസ്ഥിര തൃത്താല’ പദ്ധതിയുമായി സംയോജിപ്പിച്ച് സംസ്ഥാനത്ത് ഹോർട്ടി കൾച്ചർ മിഷൻ – രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം നടപ്പാക്കുന്ന കൂൺ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവ്വഹിച്ചു.
കൂൺ കൃഷി പദ്ധതി തുടങ്ങാൻ വിവിധ ഘടകങ്ങൾക്ക് 30.25 ലക്ഷം രൂപയാണ് കൃഷി വകുപ്പ് അനുവദിച്ചിട്ടുള്ളത്. കൂൺ കൃഷിയുടെ ഭാഗമായി ചെറുകിട കൂൺ വിത്ത് ഉൽപാദന യൂണിറ്റുകൾ ആരംഭിക്കും. 300 കൂൺ ബെഡ്ഡുകൾ അടങ്ങിയ രണ്ട് ലാർജ് സ്കെയിൽ കൂൺ ഉത്പാദന യൂണിറ്റുകളും 100 യൂണിറ്റ് ചെറുകിട കൂൺ ഉൽപാദന യൂണിറ്റുകളുമാണ് ആരംഭിക്കുന്നത്. ജില്ലയിൽ തൃത്താലയിൽ മാത്രമാണ് ഇപ്പോൾ ഈ പദ്ധതി നടപ്പാക്കുന്നത്.
56 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള രണ്ട് പാക്ക് ഹൗസുകൾ, കൂണിന്റ മൂല്യ വർദ്ധിത യൂണിറ്റുകൾ,10 കമ്പോസ്റ്റ് യൂണിറ്റുകൾ എന്നിവ ആരംഭിക്കും. കൂടാതെ കൂൺ കൃഷി രീതികളെ സംബന്ധിച്ച് കർഷകർക്ക് വിവിധ തലത്തിലുള്ള പരിശീലനപരിപാടിയും ഇതിൻ്റെ ഭാഗമായി നടക്കുമെന്ന് മന്ത്രി അറിയിച്ചു.
മണ്ഡലത്തെ പൂർണമായി തരിശുരഹിത മണ്ഡലമാക്കുന്ന പ്രവർത്തനങ്ങൾ നടന്നു വരികയാണ്. പച്ചക്കറി സ്വയംപര്യാപ്തത എന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കടുക്കുകയാണ് സുസ്ഥിര തൃത്താല. വിഷുവിന് വിഷ രഹിത പച്ചക്കറി എന്ന ലക്ഷ്യം കൈവരിക്കുന്നതിന് മണ്ഡലത്തിലാകെ 153 ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.




















