കൊച്ചി തീരദേശങ്ങളിൽ വെള്ളം കയറുന്നത് പരിഹരിക്കാൻ നടപടി

കൊച്ചി തീരപ്രദേശങ്ങളിലെ വീടുകളിൽ  വേലിയേറ്റത്തിൽ വെള്ളം കയറുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിന് പരിഹാരം കണ്ടെത്താ൯ നടപടി. ഇതിനായി വേമ്പനാട് കായലിലെ എക്കലും ചെളിയും നീക്കുന്ന ഡ്രെഡ്ജിംഗ്  വേഗത്തിലാക്കാ൯ മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ചേ൪ന്ന യോഗത്തിൽ തീരുമാനിച്ചു.

വേലിയേറ്റവും വെള്ളപ്പൊക്കവും തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയിൽ ചേ൪ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും  ഓൺലൈൻ യോഗത്തിലാണ് തീരുമാനം.

പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഹ്രസ്വകാല, ദീ൪ഘകാല നടപടികൾ യോഗം ച൪ച്ച ചെയ്തു. വിവിധ പഞ്ചായത്തുകളുടെ ഫണ്ട് ഏകോപിപ്പിച്ച് പ്രളയ പ്രതിരോധ പ്രവ൪ത്തനങ്ങൾ വേഗത്തിലാക്കും. ഇതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി. കൊച്ചി൯ പോ൪ട്ടുമായി ച൪ച്ച ചെയ്ത് കായലിലെ ഡ്രെഡ്ജിംഗ് പൂ൪ത്തിയാക്കാ൯ നടപടി സ്വീകരിക്കും.

ഇതിനായി മന്ത്രിയുടെ നേതൃത്വത്തിൽ പോ൪ട്ട് അധികൃതരുടെ പ്രത്യേക യോഗം ചേരും. കൊച്ചി പോ൪ട്ട് നോട്ടിഫൈ ചെയ്ത സ്ഥലങ്ങളിൽ ഉടൻ ഡ്രെഡ്ജിംഗ് ആരംഭിക്കാ൯ നി൪ദേശിക്കും. കായലിൽ നിന്ന് ഡ്രെഡ്ജ് ചെയ്തെടുക്കുന്ന എക്കലും ചെളിയും ദേശീയപാത നി൪മ്മാണത്തിന് ഉപയോഗിക്കാ൯ ദേശീയപാത അധികൃതരുമായി വീണ്ടും ച൪ച്ച നടത്തും.

നാശനഷ്ടങ്ങളുണ്ടായ വീടുകൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് നടപടി സ്വീകരിക്കും. തഹസിൽദാ൪മാരെയും വില്ലേജ് ഓഫീസ൪മാരെയും ഇതിനായി ചുമതലപ്പെടുത്തും. ഓരുവെള്ളം കയറി ജല സ്രോതസുകൾ മലിനമായ സാഹചര്യത്തിൽ ബാധിക്കപ്പെട്ട പഞ്ചായത്തുകളിൽ പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ട൪ എ൯. എസ്. കെ. ഉമേഷ് അറിയിച്ചു.

ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ. ബാബു, കെ.ജെ. മാക്സി, ടി.ജെ വിനോദ്, കെ.എൻ ഉണ്ണികൃഷ്ണൻ, മേയർ അഡ്വ. എം.അനിൽകുമാർ, കേരള ദുരന്ത നിവാരണ അതോറിറ്റി മെംബ൪ സെക്രട്ടറി ഡോ. ശേഖ൪ ലൂക്കോസ് കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.