വർദ്ധിച്ച വൈദ്യുതി ഉപഭോഗം നേരിടാൻ മുന്നൊരുക്കം നടത്തി- മന്ത്രി
വേനൽ ചൂടിൽ വർദ്ധിച്ച് വരുന്ന വൈദ്യുതി ഉപഭോഗം നേരിടാൻ കെ. എസ്.ഇ.ബി. ആവശ്യമായ മുന്നൊരുക്കം നടത്തിയതായി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.കെ.എസ്.ഇ.ബി. അമ്പലപ്പുഴ സെക് ഷൻ ഓഫീസിൻ്റെയും സബ് ഡിവിഷൻ ഓഫീസിൻ്റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
നിലവിൽ പ്രതിദിന വൈദ്യുതി ഉപഭോഗം 95 ദശലക്ഷം യൂണിറ്റാണ്. മാർച്ചിൽ ഇത് 100 ദശലക്ഷം യൂണിറ്റിൽ എത്താൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. വേനൽ ചൂടിൻ്റെ സമയത്ത് കൈമാറ്റക്കരാർ വഴി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. പഞ്ചാബുമായും യു.പിയുമായും കരാറിന് ധാരണയായിട്ടുണ്ട്. റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ചതിന് ശേഷമായിരിക്കും തുടർനടപടി.
സംസ്ഥാനത്തിന് വൈദ്യുതി അധികമായി ആവശ്യമുള്ള മാർച്ച് മുതൽ മെയ് വരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കുന്നതിനും ഉപഭോഗം കുറവുള്ള ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ ഇത് തിരികെ നൽകാനുമാണ് ഉദ്ദേശിക്കുന്നത്. ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ് എന്നിവടങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കാനും ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
എച്ച്.സലാം എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ലിമിറ്റഡ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ സ്മിത മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ രാകേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ ശോഭ ബാലൻ, എസ്.ഹാരിസ്, ട്രാൻസിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ജി. ശ്രീകുമാർ, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഇൻ ചാർജ് റജികുമാർ തുടങ്ങിയവർ പങ്കെടുത്തു. ഇരു നിലകളിലായി 2300 ചതുരശ്രയടിയിൽ അമ്പലപ്പുഴ കച്ചേരി മുക്കിന് സമീപമാണ് ഓഫീസ് നിർമിച്ചത്.




















