മകരവിളക്ക്: മടക്ക യാത്രക്ക് 800 കെ.എസ്.ആർ.ടി.സി ബസ്സുകൾ
ശബരിമലയില് മകരവിളക്ക് തീർഥാടനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് കെ.എസ്.ആർ.ടി.സി വിപുലമായ യാത്രാ സൗകര്യം ഒരുക്കും. മടക്ക യാത്രക്ക് കെ.എസ്.ആർ.ടി.സി പമ്പയിൽ 800 ബസുകൾ ക്രമീകരിക്കും. ജനുവരി 14 മകരവിളക്ക് ദിവസം മകര ജ്യോതി ദർശനത്തിന് ശേഷം തീർത്ഥാടകർക്ക് നിലയ്ക്കലിൽ എത്തിച്ചേരുന്നതിനും വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള ദീർഘദൂര യാത്രയ്ക്കുമായാണ് ബസ്സുകൾ ക്രമീകരിക്കുന്നത്.
പമ്പ- നിലയ്ക്കൽ ചെയിൻ സർവീസ്, പമ്പയിൽ നിന്നുള്ള ദീർഘദൂരസർവ്വീസുകൾ, പാർക്കിംഗ് സർക്കുലർ സർവീസുകൾ എന്നിവ ഉൾപ്പെടെ 245 ബസ്സുകൾ നിലവിൽ പമ്പയിലുണ്ട്. ഇത് കൂടാതെ പത്തനംതിട്ട, ചെങ്ങന്നൂർ, കോട്ടയം, എരുമേലി, കുമിളി, കൊട്ടാരക്കര, പുനലൂർ, എറണാകുളം അടക്കം വിവിധ സ്പെഷ്യൽ സെൻ്ററുകളിൽ നിന്നായി 228 ബസ്സുകളും ഓപ്പറേറ്റ് ചെയ്ത് വരുന്നു. ഇതിനു പുറമേയാണ് 400 ബസ്സുകൾ കൂടി പ്രത്യേക സർവ്വീസിനായി മകരവിളക്ക് ദിവസം എത്തിക്കുന്നത്.
തെക്കൻ മേഖലയിൽ നിന്നുളള ബസ്സുകൾ ഞായർ – തിങ്കൾ ദിവസങ്ങളിലെ സർവീസിൽ ഉൾപ്പെടുത്തി സർവീസ് ആയി 13ന് വൈകുന്നേരം പത്തനംതിട്ടയിലും മധ്യ,വടക്കൻ മേഖലയിൽ നിന്നുള്ളവ സർവീസ് നടത്തിയ ശേഷം 13ന് രാത്രി കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവിടങ്ങളിലും എത്തിച്ചേരും. ഇവ രാവിലെ 10 മണിക്ക് മുൻപായി പമ്പയിൽ റിപ്പോർട്ട് ചെയ്ത് കൃത്യമായ നിർദ്ദേശം അനുസരിച്ച് പാർക്ക് ചെയ്യും.
നിലവിൽ സ്പെഷ്യൽ സെൻ്ററിൽ അടക്കം പൂൾ ചെയ്ത ബസ്സുകൾ ഏതാണ്ട് ഉച്ചയോടെ പമ്പയിൽ സർവീസ് അവസാനിപ്പിക്കും. പമ്പ- നിലയ്ക്കൽ ചെയിൻ സർവീസിനുള്ള ബസ്സുകൾ പമ്പ ഹിൽടോപ് പാർക്കിങ് ഗ്രൗണ്ട് മുതൽ 21 കിലോമീറ്റർ അകലെ നിലയ്ക്കൽ വരെ റോഡിന്റെ ഒരു വശത്ത് ട്രാഫിക് തടസമില്ലാതെ കൃത്യതയോടെ നിരയായി പാർക്ക് ചെയ്യും.
പമ്പ-നിലയ്ക്കൽ ചെയിനുകൾ ത്രിവേണി പെട്രോൾ പമ്പ്, ദീർഘദൂര ബസ്സുകൾ പമ്പ കെഎസ്ആർടിസി സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നാണ് പുറപ്പെടുന്നത്. മകരജ്യോതി തെളിഞ്ഞാൽ ഉടൻ ചെയിൻ സർവീസുകൾ ആരംഭിക്കും. രണ്ട് റൗണ്ട് ചെയിൻ പൂർത്തിയാക്കുന്നതിനൊപ്പം മടക്കയാത്രാ ദീർഘദൂര സർവ്വീസുകളും അയക്കുന്നതാണ്.