പ്രണയത്തിന് നിറക്കൂട്ടു ചാർത്തിയൊഴുകുന്ന ആഭേരി
ജൂൺ 21 ലോക സംഗീത ദിനം
കെ.കെ.മേനോന്‍
ആഗോളതലത്തിൽ 130 രാഷ്ട്രങ്ങളിലെ ആയിരത്തിലധികം നഗരങ്ങളിൽ ലോക സംഗീതദിനം ആഘോഷിക്കപ്പെടുന്നു. സംഗീതത്തെക്കുറിച്ച് കൂടുതൽ അറിവ് പകരാനും വളർന്നുവരുന്ന സംഗീതജ്ഞന്മാരെ പ്രോത്സാഹിപ്പിക്കാനും ഈ ദിനത്തിലെ ആഘോഷങ്ങൾ സഹായകമാകുന്നു.
മനുഷ്യന്റെ എല്ലാ വികാരങ്ങളെയും സംഗീതത്തിൽ കൂടി ആവിഷ്ക്കരിക്കാൻ സാധിക്കുന്നു. മനസ്സിന് ഏറെ ശാന്തിയും സമാധാനവും പകരുന്ന നല്ല ഗീതത്തെ സംഗീതം എന്നു പറയുന്നു. കേൾക്കാൻ ഇമ്പമേറിയ ശബ്ദങ്ങൾ കൊണ്ട് മനസ്സിൽ വികാരങ്ങൾ ഉണർത്തി രസിപ്പിക്കുന്ന കലയാണ് സംഗീതം.
രാഗം താളം പദം എന്നിവയെ ആശ്രയിച്ചാണ് സംഗീതം എന്നാണ് നാട്യശാസ്ത്രത്തിൽ പറയുന്നത്. മനുഷ്യ ചരിത്രത്തോളം തന്നെ

പഴക്കമുള്ള സംഗീതം, വിരസത അകറ്റാനും ഉന്മേഷം പകരുവാനുമുള്ള ഒരു കലയായി വികസിച്ചു. മനുഷ്യന്റെ സർഗാത്മകത പ്രകടിപ്പിക്കുവാനുള്ള മാധ്യമമാണ് സംഗീതം.
ഇന്ന് സംഗീതം ഉപയോഗിക്കപ്പെടാത്ത മേഖലകൾ കുറവാണ്. അതുപോലെ സംഗീതം ഒരു കലയിൽ നിന്ന് തുടങ്ങി, ഒരു വൻ വ്യവസായമായി തീർന്നിരിക്കുന്നു. സംഗീതജ്ഞന്മാരുടെ എണ്ണവും എത്രയോ മടങ്ങ് വർദ്ധിച്ചിരിക്കുന്നു.
മനുഷ്യന്റെ കാല്പനിക ഭാവങ്ങൾ സംഗീത രൂപത്തിൽ ജനപ്രിയമാകുന്നത് സിനിമാഗാനങ്ങളിലൂടെയാണ്. ആദ്യകാലങ്ങളിൽ നാടകഗാനങ്ങൾ സജീവമായി എങ്കിലും, സിനിമാഗാനങ്ങളുടെ പ്രചാരത്തിന് മുന്നിൽ നാടകഗാനങ്ങൾക്ക് പിടിച്ചുനിൽക്കാനായില്ല. മലയാള സിനിമ ഗാനങ്ങളുടെ തുടക്കത്തിൽ ഹിന്ദി പാട്ടുകളുടെ ഈണങ്ങൾ കടമെടുത്തായിരുന്നു ഗാനങ്ങൾ തയ്യാറാക്കിയിരുന്നത്.
പിന്നീട് ദക്ഷിണാമൂർത്തി, ദേവരാജൻ മാസ്റ്റർ, രാഘവൻ മാസ്റ്റർ എന്നീ പ്രതിഭകൾ രാഗാധിഷ്ഠിതമായ ഗാനങ്ങൾ ആവിഷ്കരിച്ച് പുതിയ തരംഗം സൃഷ്ടിച്ചു. ഏറ്റവും പ്രചാരത്തിലായ പല ഗാനങ്ങളിലും ആഭേരി, ഹിന്ദോളം, മോഹനം എന്നീ രാഗങ്ങൾ ഉപയോഗിച്ചിരിക്കുന്നത് കാണാം. ആഭേരി എന്ന രാഗത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന സിനിമാഗാനങ്ങളെ കുറിച്ച് പറയാം.
പ്രണയത്തിന്റെ രാഗമാണ് ആഭേരി. പ്രണയത്തിന് ഏറെ നിറവും പുതിയ ഭാവങ്ങളും പകരാൻ ആഭേരി രാഗത്തിനുള്ള കഴിവ് അപാരമാണ്. പ്രണയിക്കാനും പ്രണയിക്കപ്പെടുവാനും മനസ്സിനെ മോഹിപ്പിക്കുന്ന രാഗമാണ് ആഭേരി. വിരഹവും നൊമ്പരവും ആഭേരി രാഗത്തിലൂടെ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്.
രാഗം ആഭേരിയാണെങ്കിൽ ആ ഗാനം വളരെ പ്രചാരത്തിൽ ആകുമെന്ന് ഉറപ്പാണ്. ദേവരാജൻ മാസ്റ്ററും ദക്ഷിണാമൂർത്തിയും രവീന്ദ്രനും ഈ രാഗത്തിൽ ഏറെ ആകൃഷ്ട്ടാരായിരുന്നുവത്രെ. ആഭേരിയിൽ ചിട്ടപ്പെടുത്തിയ ചില സിനിമാഗാനങ്ങൾ ഇവയാണ്. ഓമന കൈയിൽ ഒലിവിലക്കൊമ്പുമായി… ദേവരാജൻ മാസ്റ്റർ, കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി… ദക്ഷിണാമൂർത്തി, സൽക്കലാ ദേവിതൻ… ( ഇന്ദുലേഖ എന്ന ചിത്രത്തിലെ ഈ ഗാനം കലാനിലയം നാടകങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്) ദക്ഷിണാമൂർത്തി, ഹൃദയ സരസ്സിലെ… ദക്ഷിണാമൂർത്തി, സ്വർഗ്ഗഗായികേ…ദേവരാജൻ മാസ്റ്റർ, ഇന്ദ്രവല്ലരിപ്പൂച്ചൂടിവരും… ദേവരാജൻ മാസ്റ്റർ, സുന്ദരി…ദേവരാജൻ മാസ്റ്റർ, കുയിലിന്റെ മണിനാദം… എം കെ അർജുനൻ, ചിത്രശിലാ പാളികൾ…ദക്ഷിണാമൂർത്തി, മകളെ പാതി മലരേ… രവീന്ദ്രൻ, പത്തുവെളുപ്പിന്…രവീന്ദ്രൻ.
ഒട്ടേറെ ഗാനങ്ങൾ സംഗീത സംവിധായകർ ആഭേരി രാഗത്തിൽ ചിട്ടപ്പെടുത്തിയിട്ടുണ്ട്. നിരവധി ഭക്തിഗാനങ്ങളും ആഭേരി രാഗത്തിലുണ്ട്. അവയിൽ ഏറ്റവും പ്രചാരത്തിലുള്ളത് ആലപ്പി രംഗനാഥൻ സംഗീതം നൽകി ഗാനഗന്ധർവ്വൻ ആലപിച്ച സ്വാമി സംഗീതം ആലപിക്കും… എന്ന അയ്യപ്പഭക്തി ഗാനമാണ്. ജയവിജയ ജയൻ സംഗീതം നൽകി ചിത്ര പാടിയ പാടുന്നു ഞാനിന്നു… എന്ന ഗാനവും വളരെ പ്രശസ്തമാണ്.
നിരവധി പ്രശസ്തമായ തമിഴ്, ഹിന്ദി സിനിമാഗാനങ്ങളും ആഭേരി രാഗത്തിൽ ചിട്ടപ്പെടുത്തിയവയാണ്. ഹിന്ദുസ്ഥാനിയിൽ ആഭേരി രാഗം അറിയപ്പെടുന്നത് ഭീംപ്ലാസ് എന്നാണ്. മുഹമ്മദ് റാഫി ആലപിച്ച ഖൊയ ഖൊയ ചാന്ദ്…, കിഷോർ കുമാർ പാടിയ ഖിൽത്തെ ഹേ ഗുലി യഹാ.., ലതമങ്കേഷ്‌കര്‍ പാടിയ യെ സിന്ദഗി ഉസി കി ഹെയ്… എന്നീ ഗാനങ്ങൾ ഭീംപ്ലാസ് രാഗത്തിലാണ്.
തമിഴിൽ ആഭേരി രാഗത്തിൽ ആവിഷ്കരിച്ച ഗാനങ്ങളിൽ ചിലത് ഇവയാണ്. പൂമാലയിൽ …ടി.എം.എസ്- സുശീല, ശിങ്കാര വേലനെ ദേവ… ജാനകി, കണ്ണോട് കാൺപതെല്ലാം… നിത്യശ്രീ മഹാദേവൻ, വസന്തകാലകോലങ്ങൾ… ജാനകി.
രണ്ടര പതിറ്റാണ്ടിനു മേൽ സംഗീത ലോകത്ത് പ്രവർത്തിക്കാനുള്ള അവസരം ലഭിച്ച എനിക്ക് അവിസ്മരണീയമായ നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 1980 ൽ തുടങ്ങിയ സംഗീത യാത്രയിൽ കണ്ടുമുട്ടിയ പല സംഗീതജ്ഞരും ഇന്ന് ജീവിച്ചിരിപ്പില്ല. അവരുടെയെല്ലാം വളരെ വിലയേറിയ സംഭാവനകൾ ഞാൻ നന്ദിപൂർവം സ്മരിക്കുന്നു.
നാം ഇന്ന് കേൾക്കുന്ന സംഗീതത്തിന്റെ ആദ്യകാലങ്ങളിലെ യഥാർത്ഥ ശില്പികൾ ആണവർ. സംഗീതത്തിനും സാഹിത്യത്തിനും തുല്യ പ്രാധാന്യം നൽകി അവർ സൃഷ്ടിച്ച സംഗീതം ഇന്നും നിറവെണ്മയോടെ നിറസൗരഭ്യത്തോടെ സംഗീതാസ്വാദകരുടെ മനസ്സുകളിൽ നിറഞ്ഞുനിൽക്കുന്നു. ലോകാവസാനം വരെ അവരുടെ ഗാനസൃഷ്ടികൾ ഈ ഭൂമിയിൽ അലയടിച്ചു കൊണ്ടേയിരിക്കും.
(എച്ച്.എം.വി.യിൽ തുടങ്ങി മൂന്നു പതിറ്റാണ്ട് മ്യൂസിക്ക് ഇൻഡസ്ട്രിയിൽ സജീവമായിരുന്ന കെ.കെ.മേനോന്‍ എ.ബി.സി.എൽ. ജനറൽ മാനേജറായിരുന്നു. ചെർപ്പുളശ്ശേരി സ്വദേശി, ഇപ്പോൾ ചെന്നൈയിൽ താമസം. പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സംഗീത സംവിധായകനും എഴുത്തുകാരനുമാണ്. )




















