ഗുരുവായൂരിൽ നാരായണീയ സപ്താഹം തുടങ്ങി
ഗുരുവായൂർ ദേവസ്വം നാരായണീയ ദിനാഘോഷത്തിൻ്റെ ഭാഗമായി നാരായണീയ സപ്താഹം തുടങ്ങി. ക്ഷേത്രം ആദ്ധ്യാത്മിക ഹാളിലാണ് സപ്താഹം നടക്കുന്നത്. തോട്ടം ശ്യാം നമ്പൂതിരിയും ഡോ.വി.അച്യുതൻകുട്ടിയുമാണ് ആചാര്യന്മാർ. എല്ലാ ദിവസവും രാവിലെ ഏഴിന് സപ്താഹം തുടങ്ങും.
ഡിസംബർ 13 നാണ് സമാപനം. നാരായണീയ ദിനമായ ഡിസംബർ 14 ന് രാവിലെ അഞ്ച് മണി മുതൽ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിലും രാവിലെ ഏഴ് മണി മുതൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലും സമ്പൂർണ്ണ നാരായണീയ പാരായണം ഉണ്ടാകും. ആദ്ധ്യാത്മിക ഹാളിൽ നടക്കുന്ന പാരായണത്തിന് ഡോ.വി.അച്യുതൻകുട്ടി നേതൃത്വം നൽകും.
ഗുരുവായൂർ ബ്രാഹ്മണസമൂഹത്തിൻ്റെ ആഭിമുഖ്യത്തിലാണ് മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ സമ്പൂർണ്ണ പരായണം. ശ്രീഗുരുവായൂരപ്പൻ്റെ പരമഭക്തനായ മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് നാരായണീയം രചിച്ച് ഗുരുവായൂരപ്പന് സമർപ്പിച്ച വൃശ്ചികം ഇരുപത്തിയെട്ടാം തീയ്യതിയാണ് ദേവസ്വം നാരായണീയ ദിനമായി ആഘോഷിക്കുന്നത്.