നവകേരള സദസ്സിന് മഞ്ചേശ്വരത്ത് പ്രൗഡഗംഭീര തുടക്കം
സാമ്പത്തിക ഞെരുക്കമുള്ളപ്പോഴും കേരളം മുന്നോട്ടു കുതിക്കുന്നു – മുഖ്യമന്ത്രി
സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാത്ത അവസ്ഥ ഉള്ളപ്പോഴും അതിനെ അതിജീവിച്ച് സംസ്ഥാനം മുന്നോട്ടുകുതിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു മഞ്ചേശ്വരം പൈവളിഗെ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ മേഖലകളിൽ കേരളത്തിന് അർഹതപ്പെട്ട 57,000 കോടിയിൽപ്പരം രൂപയാണ് വെട്ടിക്കുറച്ചത്. സംസ്ഥാനത്തിന്റെ കൈവശം എത്തേണ്ട തുകയാണിത്. ഈ സാമ്പത്തിക ഞെരുക്കം ചില
പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ട്. പക്ഷെ, അതെല്ലാം അതിജീവിച്ചു കൊണ്ട് സംസ്ഥാനം മുന്നോട്ട് കുതിക്കുകയാണ് – മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്റെ പ്രതിശീർഷവരുമാനം 1,48,000 കോടി രൂപയിൽ നിന്നും 2,28,000 കോടി രൂപയായി ഉയർന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിശീർഷവരുമാനമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ആഭ്യന്തര വളർച്ചാനിരക്കിൽ എട്ടു ശതമാനം വർധന കൈവരിച്ചു.
തനതു വരുമാനം 26 ശതമാനത്തിൽ നിന്നും 67 ശതമാനമായി ഉയർന്നു. ആഭ്യന്തര ഉൽപ്പാദനം 2016 ൽ 56,000 കോടി രൂപയായിരുന്നത് ഇപ്പോൾ 10,17,000 കോടി രൂപയായി വർധിച്ചു. നികുതി വരുമാനത്തിൽ 23,000
കോടി രൂപയുടെ വർധനവുണ്ടായെന്നും മുഖ്യമന്ത്രി കണക്കുകൾ സഹിതം വിശദീകരിച്ചു. ആഗോളീകരണ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന സാമ്പത്തിക നയത്തിന് ബദൽ നടപ്പാക്കാൻ ശ്രമിക്കുന്നു എന്നതുകൊണ്ടാണ് സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത്.
2016 ന് മുൻപുള്ള കേരളം അല്ല ഇപ്പോഴുള്ളതെന്നും ഇവിടെ നടക്കില്ല എന്ന് കരുതിയ നിരവധി വികസന പ്രവർത്തികൾ നടന്നുകഴിഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, റോഷി അഗസ്റ്റിൻ, എ. കെ. ശശീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി, അഡ്വ. ആന്റണിരാജു എന്നിവർ സംസാരിച്ചു. മറ്റു മന്ത്രിമാർ സന്നിഹിതരായിരുന്നു.ചീഫ് സെക്രട്ടറി ഡോ. വി. വേണു സ്വാഗതവും ജില്ലാ കളക്ടർ കെ. ഇമ്പശേഖർ നന്ദിയും പറഞ്ഞു.