ന്യൂനമർദ്ദം: ശക്തമായ മഴയ്ക്ക് സാധ്യത, ജില്ലകളിൽ മഞ്ഞ അലേർട്ട്
ന്യൂനമർദ്ദം മൂലം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേരളത്തിലെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. സെപ്റ്റംമ്പർ 28: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
29: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
30: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് 01: കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
വടക്കൻ – കർണ്ണാടക തീരപ്രദേശത്തിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. തെക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിന് മുകളിൽ മറ്റൊരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്.
വടക്കൻ മധ്യപ്രദേശിന് മുകളിലും ചക്രവാതച്ചുഴിയുണ്ട്. മ്യാന്മാറിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ചക്രവാതച്ചുഴി മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും വടക്ക് -കിഴക്കൻ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് പടിഞ്ഞാറ്, വടക്ക് – പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിച്ച് ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.