ഫീവർ ക്ലിനിക്കുകൾ തുടങ്ങും -ആരോഗ്യ മന്ത്രി
മഴക്കാലം മുന്നിൽ കണ്ട് സംസ്ഥാനത്ത് ജൂൺ രണ്ടു മുതൽ പ്രത്യേക ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. താലൂക്ക് ആശുപത്രികൾ മുതലായിരിക്കും ഫീവർ ക്ലിനിക്കുകൾ ആരംഭിക്കുക. ഇതുകൂടാതെ ഫീവർ വാർഡുകളും ആരംഭിക്കും. ജൂൺ 1, 2 തീയതികളിൽ മരുന്നുകളുടെ സ്റ്റോക്ക് പരിശോധിക്കും. എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാരും ഇവ ഉറപ്പ് വരുത്തണം.
പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ല. ഏത് പനിയും പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധം നേരത്തെതന്നെ ശക്തമാക്കുന്നതിന് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
വേനൽമഴയെ തുടർന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഡെങ്കിപ്പനി നേരിയ തോതിൽ വർധനവുള്ളതിനാൽ ജില്ലകൾ കൂടുതൽ ശ്രദ്ധിക്കണം. മറ്റ് കൊതുക് ജന്യ രോഗങ്ങളും ചെറുതായി വർധിക്കുന്നതായി കാണുന്നു. ഡെങ്കിപ്പനി, എലിപ്പനി, സിക്ക, ചിക്കൻഗുനിയ, കോളറ, ഷിഗല്ല, എച്ച്.1 എൻ.1 എന്നിവയ്ക്കെതിരെ ശ്രദ്ധ വേണം.
പ്രളയാനുബന്ധ പ്രശ്നങ്ങൾ പ്രതിരോധിക്കുന്നതിന് ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. അവശ്യ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും വേണ്ടത്ര ശേഖരിച്ച് വയ്ക്കാനും മന്ത്രി നിർദേശം നൽകി.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.




















