ഏലക്കാട് കാണാൻ ഇടുക്കിക്ക് പോകണ്ട; ആലപ്പുഴ ബീച്ചിലേക്ക് വരൂ
ആലപ്പുഴക്കാർക്ക് ഏലക്കാടുകൾ കാണണമെങ്കിൽ സാധാരണയായി ഏലപ്പാറയിലോ ഇടുക്കിയിലോ പോകണം. എന്നാൽ ഇപ്പോൾ ആലപ്പുഴ ബീച്ചിലെത്തിയാൽ ഏലക്കാടുകൾ കാണാം. കാടിനുള്ളിൽ കുടിലും ഹൈറേഞ്ചിലെ തണുപ്പുമുണ്ട്. സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാർഷികത്തിൻ്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന മേളയിലെ ടൂറിസം വകുപ്പ് സ്റ്റാളിലാണ് ഏലക്കാടുകൾ അതിൻ്റെ സ്വാഭാവികതയിൽ ഒരുക്കിയിരിക്കുന്നത്.
ഏപ്രിൽ 23 വരെയാണ് പ്രദർശനം. കാസർകോട്ടെ സുരങ്കവും മറയൂരിലെ മുനിയറയും സ്റ്റാൾ സന്ദർശകർക്കായി അമ്പെയ്ത്തിനുള്ള സൗകര്യവും ഇവിടെയുണ്ട്. കേരളത്തിലെ അറിയപ്പെടാത്ത സ്ഥലങ്ങളെ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മേളയിൽ ഇത്തരം സ്ഥലങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്.
സുരങ്കത്തിലൂടെ പ്രവേശിച്ചാണ് ഏലക്കാടുകളിലേക്കെത്തുന്നത്. കുന്നിൻ ചെരുവുകളിൽ വെള്ളം ശേഖരിക്കാനായി പ്രാചീന കാലത്ത് നിർമ്മിച്ച തുരങ്കങ്ങളാണ് സുരങ്കങ്ങൾ. സുരങ്കത്തിലും ഏലാക്കട്ടിൽ നിന്നുമൊക്കെ ഫോട്ടോയും റീൽസുമെടുക്കാനായി നിരവധി പേരാണ് ദിവസവും എത്തുന്നത്. അമ്പെയ്ത്ത് ഉന്നം ഉറപ്പിക്കാനായി കുട്ടികളെ പോലെ തന്നെ മുതിർന്നവരും മത്സരിക്കുന്നു.
“സ്ഥലം പറയൂ സമ്മാനം നേടൂ” എന്ന മത്സരവും ടൂറിസം വകുപ്പിൻറെ സ്റ്റാളിൽ സംഘടിപിച്ചിട്ടുണ്ട്. സന്ദർശകർക്ക് ഇവിടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതി ബോക്സിൽ നിക്ഷേപിക്കാം. തിരഞ്ഞെടുക്കപ്പെടുന്നയാൾക്ക് കെ.ടി.ഡി.സി. റിസോർട്ടിലെ സൗജന്യ താമസമാണ് സമ്മാനം. കാരവാൻ ടൂറിസം, സ്ത്രീ സൗഹൃദ ടൂറിസം, അഗ്രി ടൂറിസം നെറ്റ്വർക്ക്, ഡെസ്റ്റിനേഷൻ ചലഞ്ച്, ഫുഡ് സ്ട്രീറ്റ് പദ്ധതി, നൈറ്റ് ലൈഫ് തുടങ്ങി ടൂറിസം വകുപ്പ് നടത്തുന്ന പുത്തൻ പദ്ധതികളുടെ വിവരണവും ഇവിടെയുണ്ട്.