തോട്ടം ശിവകരൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

ഗുരുവായൂർ ക്ഷേത്ര മേൽശാന്തിയായി കോട്ടയം ഉഴവൂർ കുറിച്ചിത്താനം തോട്ടം ശിവകരൻ നമ്പൂതിരിയെ (58) തിരഞ്ഞെടുത്തു. ഓതിക്കൻ പി.എം. ഭവദാസൻ നമ്പൂതിരിയാണ് നമസ്ക്കാര മണ്ഡപത്തിൽ വെച്ച് നറുക്കെടുത്തത്. ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. ഏപ്രിൽ ഒന്നു മുതൽ ആറു മാസത്തേക്കാണ് നിയമനം.

മേൽശാന്തി തെരഞ്ഞെടുപ്പിൽ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 39 പേരിൽ 33 പേർ ഹാജരായി. ഇവരിൽ നിന്നും യോഗ്യത നേടിയ 28 പേരുടെ പേരുകൾ എഴുതി വെള്ളിക്കുടത്തിൽ നിക്ഷേപിച്ച ശേഷമാണ് നറുക്കെടുത്തത്.
 തെരഞ്ഞെടുക്കപ്പെടുന്ന മേൽശാന്തി ക്ഷേത്രത്തിലെ ഭജനത്തിനു ശേഷം മാർച്ച് 31 ന് അടയാള ചിഹ്നമായ താക്കോൽക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേൽക്കും.

സാമവേദത്തിൽ ജ്ഞാനിയായ ശിവകരൻ നമ്പൂതിരി ആയുർവ്വേദ ഡോക്ടറാണ്. ‘പല തവണ പേര് ഉൾപ്പെട്ടിരുന്നെങ്കിലും ആദ്യമായാണ് നറുക്കെടുപ്പിലൂടെ ഈ നിയോഗം ഉണ്ടാകുന്നത്. ഗുരുവായൂരപ്പൻ്റെ അനുഗ്രഹം സ്വീകരിക്കുന്നു’ – അദ്ദേഹം  പറഞ്ഞു. വാലായ്മയായതിനാൽ നിലവിലെ ക്ഷേത്രം മേൽശാന്തി ഡോ.കിരൺ ആനന്ദ് നമ്പൂതിരിക്ക് ചടങ്ങിൽ പങ്കെടുക്കാനായില്ല. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, കെ.ആർ. ഗോപിനാഥ്, വി.ജി.രവീന്ദ്രൻ അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *