ബ്രഹ്മപുരം: മെഡിക്കല്‍ യൂണിറ്റുകളിൽ 178 പേർ ചികിത്സ തേടി
ബഹ്മപുരം തീപിടുത്തത്തെ തുടർന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകൾ പ്രവർത്തനം തുടങ്ങി. തിങ്കളാഴ്ച 178 പേർ ചികിത്സ തേടിയെത്തി.
ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ലഭ്യമാക്കുന്നതിനുമാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ പ്രവർത്തിക്കുന്നത്.
രണ്ട് യൂണിറ്റുകൾ ഉണ്ടായിരുന്നതിൽ ആദ്യ യൂണിറ്റിൽ 118 പേർ ചികിത്സ തേടിയപ്പോൾ 60 പേരായിരുന്നു രണ്ടാം യൂണിറ്റിൽ ചികിത്സ തേടി എത്തിയത്. ഗുരുതര പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ആരെയും അഡ്മിറ്റ് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. ചമ്പക്കര കുന്നുകര പാർക്ക്, വൈറ്റില മഹിള സമാജം, തമ്മനം കിസാൻ കോളനി, പൊന്നുരുന്നി അർബൻ പി.എച്ച്.സി സമീപമുള്ള നഴ്സറി റോഡ് എന്നിവിടങ്ങളിലായിരുന്നു ആദ്യ മെഡിക്കൽ യൂണിറ്റ് എത്തിയത്.
പി ആന്റ് ടി കോളനി, ഉദയ കോളനി എന്നിവിടങ്ങളിലും വെണ്ണല അർബൻ പി.എച്ച്.സിക്ക് സമീപവുമായിരുന്നു യൂണിറ്റ് രണ്ടിന്റെ സന്ദർശനം. ആദ്യ യൂണിറ്റിൽ കുന്നുകര പാർക്കിൽ 32 പേരും വൈറ്റില മഹിളാ സമാജത്തിൽ 22 പേരും കിസാൻ കോളനിയിൽ 34 പേരും പൊന്നുരുന്നിയിൽ 30 പേരുമായിരുന്നു ചികിത്സ തേടിയത്. രണ്ടാം യൂണിറ്റിൽ വെണ്ണലയിൽ 27 പേരും പി ആന്റ് ടി കോളനി, ഉദയ കോളനി എന്നിവിടങ്ങളിലായി 33 പേരും ചികിത്സ തേടി.
യൂണിറ്റുകളിൽ മെഡിക്കല്‍ ഓഫീസര്‍, നഴ്സിംഗ് ഓഫിസര്‍, നഴ്സിംഗ് അസിസ്റ്റന്റ് എന്നിവരുടെ സേവനം ലഭ്യമാണ്. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള സ്റ്റെബിലൈസേഷന്‍ സംവിധാനവും നെബുലൈസേഷന് അടക്കമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഇതിലുണ്ട്. മിനി സ്പൈറോമീറ്റര്‍ അടക്കമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.