ലോകത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ കേരളവും
കായലുകളും കടൽതീരവും കൊണ്ട് ഭംഗിയേറിയ കേരളത്തിന് ടൂറിസം രംഗത്ത് അംഗീകാരം. ലോക സഞ്ചാരത്തിനിറങ്ങുന്നവർക്കായി അന്താരാഷ്ട്ര മാധ്യമമായ ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച പട്ടികയിൽ സ്ഥാനം നേടിയിരിക്കുകയാണ് കേരളം. വിനോദ സഞ്ചാരികൾ ലോകത്ത് ഈ വർഷം സന്ദർശിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയിൽ 13-ാം സ്ഥാനത്താണ് കേരളം. പട്ടികയിൽ ഇന്ത്യയിൽ നിന്ന് കേരളം മാത്രമെയുള്ളു.
ഗ്രാമീണസൗന്ദര്യം ആസ്വദിക്കാൻ ഉത്സവകാലങ്ങളിൽ കേരളം സന്ദർശിക്കാം എന്ന കുറിപ്പോടെയാണ് കേരളത്തെ ന്യൂയോർക്ക് ടൈംസ് പരിചയപ്പെടുത്തുന്നത്. കുമരകം, മറവൻതുരുത്ത്, വൈക്കം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് പ്രത്യേക പരാമർശവും ഇതിലുണ്ട്. കേരളത്തിൻ്റെ ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങളെയും ന്യൂയോർക്ക് ടൈംസ് ശ്ലാഘിച്ചത് ഏറെ അഭിമാനകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ ലോകോത്തരമാക്കാൻ സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് മഹാമാരി മൂലം ഈ മേഖലക്കുണ്ടായ പ്രതിസന്ധികൾ മറികടക്കാനും സർക്കാർ അടിയന്തിര നടപടികൾ ഏറ്റെടുത്തു നടപ്പിലാക്കുന്നുണ്ട്. ലോകോത്തരമായ ടൂറിസ്റ്റ് കേന്ദ്രമായി കേരളത്തെ മാറ്റിയെടുക്കാൻ നമുക്ക് സാധിക്കണം. വിനോദ സഞ്ചാരമേഖലക്ക് ലഭിക്കുന്ന ഇത്തരത്തിലുള്ള അംഗീകാരങ്ങൾ ഈ പരിശ്രമങ്ങൾക്ക് ശക്തി പകരുമെന്ന് മുഖ്യമന്തി ഫേസ് ബുക്കില്‍
കുറിച്ചു. വൈക്കം കായല്‍ ഫോട്ടോ : സൗരഭ് ചാന്ദ്