രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നിശാഗന്ധിയിൽ തുടക്കമായി
കേരളത്തിൻ്റെ തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തിയ ചലച്ചിത്ര പ്രേമികളെ സാക്ഷിയാക്കി 27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരം നിശാഗന്ധിയിൽ തിരിതെളിഞ്ഞു. സദസ്സിലേക്ക് ആർക് ലൈറ്റ് തെളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു.
സിനിമ ആസ്വാദനത്തിനും മനസ്സിന്റെ ഉല്ലാസത്തിനുമൊപ്പം ലോകത്താകമാനമുള്ള മനുഷ്യാവസ്ഥകളെ പ്രതിഫലിപ്പിക്കുന്നതുകൂടിയാണ് ചലച്ചിത്ര മേളയെന്ന് ഐ.എഫ്.എഫ്.കെ സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. ലോകത്താകമാനമുള്ള ജീവിതങ്ങളെ കേരളത്തിനു മുന്നിൽ
അവതരിപ്പിക്കാനും ഇവിടുത്തെ സാംസ്കാരിക സത്തകളെ മറ്റിടങ്ങളിലെ ചലച്ചിത്ര പ്രേമികളിലെത്തിക്കാനും കഴിഞ്ഞ കാൽ നൂറ്റാണ്ടായി നടക്കുന്ന ഐ.എഫ്.എഫ്.കെ.ക്കു കഴിഞ്ഞതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇറാനിൽ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിയെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം നൽകി മുഖ്യമന്ത്രി ആദരിച്ചു. യാത്രാ നിയന്ത്രണങ്ങൾ മൂലം മേളയിൽ നേരിട്ടു പങ്കെടുക്കാൻ കഴിയാതിരുന്ന മഹ്നാസിനു വേണ്ടി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചൽ സംഗാരി അഞ്ചു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ഏറ്റുവാങ്ങി. മേളയിലെത്താൻ കഴിഞ്ഞില്ലെങ്കിലും മേളയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തന്റെ മുടി മുറിച്ച് അതീന റേച്ചലിനെ മഹ്നാസ് ഏൽപ്പിച്ചിരുന്നു. ഇത് അതീന ഉദ്ഘാടന വേദിയിൽ പ്രദർശിപ്പിക്കുകയും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനു കൈമാറുകയും ചെയ്തു.
കോവിഡിന്റെ പരിമിതികൾ മറികടന്ന് സിനിമകളുടേയും ആസ്വാദകരുടേയും വലിയ പങ്കാളിത്തംകൊണ്ടു ചരിത്രപരമായ സാംസ്കാരികോത്സവമായി ഇത്തവണത്തെ ചലച്ചിത്രമേള മാറുകയാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഐ.എഫ്.എഫ്.കെ ഫെസ്റ്റിവൽ ബുക്ക് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. മന്ത്രി ആന്റണി രാജു ഏറ്റുവാങ്ങി. ഫെസ്റ്റിവൽ ബുള്ളറ്റിൻ മന്ത്രി ജി.ആർ. അനിൽ മേയർ ആര്യാ രാജേന്ദ്രനു നൽകി പ്രകാശനം ചെയ്തു.
ചലച്ചിത്ര സമീക്ഷയുടെ ഫെസ്റ്റിവൽ പതിപ്പ് വി.കെ. പ്രശാന്ത് എം.എൽ.എ കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ. കരുണിനു നൽകി പ്രകാശനം ചെയ്തു. ഫെസ്റ്റിവൽ ഡയറക്ടറും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്, ജൂറി ചെയർമാനും ജർമൻ സംവിധായികയുമായ വീറ്റ് ഹെൽമർ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി. അജോയ്, മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലൻ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിനു ശേഷം പുർബയൻ ചാറ്റർജിയുടെ സിതാർ കച്ചേരിയും അരങ്ങേറി. സംഗീത പരിപാടിക്കുശേഷം ഉദ്ഘാടനചിത്രമായ ടോറി ആന്റ് ലോകിത പ്രദർശിപ്പിച്ചു.