വിമാനം പറന്നുയരുന്നത് കാണാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന്  വിമാനം ഇറങ്ങുന്നതും പറന്നുയരുന്നതും കാണാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുന്നു. വിമാനത്താവളത്തിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചാണിത്.

നവംബര്‍ 15 മുതല്‍  വിമാനത്താവളത്തിന്റെ നാലാം വാര്‍ഷിക ദിനമായ ഡിസംബര്‍ ഒമ്പതു വരെ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ സന്ദര്‍ശക ഗ്യാലറിയില്‍ പ്രവേശനം അനുവദിക്കും. വിവിധ ജില്ലകളിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഗവണ്‍മെന്റ്, മാനേജ്‌മെന്റ്, അണ്‍ എയ്ഡഡ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 25 രൂപയും അനുഗമിക്കുന്ന ജീവനക്കാര്‍ക്ക് 50 രൂപയും നിരക്കിലായിരിക്കും പ്രവേശനം.

സ്‌കൂളുകളും കോളേജുകളും വിമാനത്താവള സന്ദര്‍ശനത്തിന് എത്തുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും പേര് രേഖപ്പെടുത്തി, ഹെഡ്മാസ്റ്റര്‍/ പ്രിന്‍സിപ്പാള്‍ സാക്ഷ്യപ്പെടുത്തിയ കത്തും കൊണ്ടുവരണം. സന്ദര്‍ശന സമയം രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0490 2481000.