ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കും

ഇത്തവണ കൂടുതൽ തീർഥാടകരെത്തുമെന്ന്‌ ദേവസ്വം മന്ത്രി

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഇത്തവണ കൂടുതൽ തീർഥാടകർ ശബരിമലയിലേക്ക് എത്തുമെന്നു പ്രതീക്ഷിക്കുന്നതായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു.

ശബരിമലയിലെ ഈ വർഷത്തെ മണ്ഡല – മകരവിളക്ക് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തീർഥാടനകാലം ആരംഭിക്കുന്നതിനു മുമ്പുതന്നെ ശബരിമലയിലേക്കുള്ള എല്ലാ റോഡുകളിലും അറ്റകുറ്റപ്പണി പൂർത്തിയാക്കും.

തീർഥാടകരെത്തുന്ന സ്നാനഘട്ടങ്ങളും കുളിക്കടവുകളും അറ്റകുറ്റപ്പണി നടത്തി സുരക്ഷിതമാക്കും. സന്നിധാനത്തും മറ്റു പ്രദേശങ്ങളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് വാട്ടർ അതോറിറ്റി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും.

തീർഥാടകരുടെ സൗകര്യത്തിനായി കെ.എസ്.ആർ.ടി.സി. മുൻ വർഷങ്ങളേക്കാൾ കൂടുതൽ സർവീസുകൾ നടത്തും. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ എല്ലാ സർക്കാർ ആശുപത്രികളിലും തീർഥാടനകാലത്ത് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തും.

മാലിന്യസംസ്‌കരണം ഉറപ്പാക്കുന്നതിന് ശുചിത്വമിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ബിന്നുകൾ സ്ഥാപിക്കും. ഇത്തവണത്തെ തീർഥാടനം ഗ്രീൻപ്രോട്ടോക്കോൾ പാലിച്ചു നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

സെക്രട്ടേറിയറ്റ് അനക്സിലെ ലയം ഹാളിൽ നടന്ന ചടങ്ങിൽ
മന്ത്രിമാരായ കെ. രാജൻ, വീണാ ജോർജ്,  റോഷി അഗസ്റ്റിൻ,  ആന്റണി രാജു, തോമസ് ചാഴിക്കാടൻ എം.പി, എം.എൽ.എമാരായ കെ.യു. ജനീഷ് കുമാർ, പ്രമോദ് നാരായൺ, വാഴൂർ സോമൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ,  തുടങ്ങിയവർ പങ്കെടുത്തു.
 

Leave a Reply

Your email address will not be published. Required fields are marked *