ഓർമ്മകളുടെ വാതായനം തുറന്ന് ‘ഇന്ദ്രനീലം’
കുട്ടിക്കാലത്ത് താമസിച്ചിരുന്ന, ബാല്യത്തിലെ എല്ലാ കുസൃതികൾക്കും സാക്ഷ്യം വഹിച്ചിരുന്ന ആ വീട്ടിലേക്ക് ഒന്ന് മടങ്ങിപ്പോകാൻ കഴിഞ്ഞിരുന്നെങ്കിൽ… അമ്മ അന്ന് പറഞ്ഞു തന്ന കാര്യങ്ങൾ ഒരിക്കൽ കൂടി അമ്മയുടെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ…. അന്ന് കാണാൻ കഴിയാതെ പോയ അമ്മയുടെ സ്നേഹ നൊമ്പരങ്ങൾ, സ്നേഹത്തിൻ്റെ മിഴിനീർക്കണങ്ങൾ .. എല്ലാം ഇപ്പോഴും ഓർമ്മയിലെത്തുന്നു – കെ.കെ.മേനോൻ “ഇന്ദ്രനീല’ത്തിൽ കുറിച്ച ഈ വരികൾ പലർക്കും സ്വന്തം അനുഭവമായി തോന്നിയേക്കാം.
പൂമ്പാറ്റയെപ്പോലെ പാറി നടന്ന ഒരു കുട്ടിക്കാലം ഓർത്തെടുക്കുമ്പോൾ ആ കാലത്തേക്ക് നടന്നു ചെല്ലാൻ എല്ലാവർക്കും ഇഷ്ടമാണ്. ഓർമ്മകളുടെ മണിച്ചിത്രത്താഴ് തുറന്നിടുകയാണ് ‘ഇന്ദ്രനീലം’ എന്ന അനുഭവങ്ങളുടെ

പുസ്തകത്തിൽ കെ.കെ.മേനോൻ. ഓണവും നാട്ടിലെ ഉത്സവവും യാത്രകളും പ്രശസ്തരുമായുള്ള കൂടിക്കാഴ്ചകളും… എല്ലാം പതിനഞ്ച് തലക്കെട്ടുകളിലായി കഥ പറയുന്ന ശൈലിയിൽ നമുക്കു മുന്നിലെത്തുകയാണിവിടെ.
സംഗീത റെക്കോഡിംഗ് രംഗത്തെ പ്രമുഖ കമ്പനിയായ എച്ച്.എം.വി.യിൽ തുടങ്ങി മാഗ്നസൗണ്ട്, എ.ബി.സി.എൽ. തുടങ്ങിയ വിവിധ കമ്പനികളിൽ മൂന്നു പതിറ്റാണ്ടുകാലം പ്രവർത്തിച്ച പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിയായ കെ.കെ.മേനോന് പറയാൻ ഒട്ടേറെ അനുഭവങ്ങളുണ്ട്. മനസ്സിലെത്തിയ ചില കഥകൾ സംഭവങ്ങൾ പോലെ വായനക്കാർക്കു മുന്നിൽ ആവിഷ്ക്കരിച്ച് ആകാംക്ഷ നിറയ്ക്കുന്നുമുണ്ട് മേനോനിലെ കഥാകൃത്ത്. ചാന്താട്ടം, അനാമിക, മഞ്ഞുമലയിലെ ആ രാത്രി, ഇന്ദ്രനീലം തുടങ്ങിയ രചനകൾ ഇത്തരത്തിലുള്ളതാണ്.
തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ പരിചയപ്പെട്ട സംവിധായകൻ സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന് പെട്ടെന്ന് ചോദിച്ചാൽ എന്തായിരിക്കും അവസ്ഥ. ആ തീവണ്ടിയാത്ര തന്നെ നടനാക്കിയ വിശേഷമാണ് ‘തമ്മിൽ കണ്ടപ്പോൾ ‘ എന്ന അധ്യായത്തിൽ കെ.കെ.മേനോൻ വിവരിക്കുന്നത്. ഉദ്യോഗസ്ഥ, സി.ഐ.ഡി.നസീർ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത പി.വേണുവായിരുന്നു ആ ഡയരക്ടർ. പിന്നീട് തനിയാവർത്തനം, അഗ്നിമുഹൂർത്തം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചതിനെക്കുറിച്ചും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
ചെന്നൈയിലേക്കുള്ള തീവണ്ടിയാത്രയിൽ പരിചയപ്പെട്ട ഒടുവിൽ ഉണ്ണിക്കൃഷ്ണനെന്ന നടനെ സംഗീത സംവിധായകനാക്കി മാറ്റിയ അനുഭവമാണ് ‘പരശുറാം എക്സ്പ്രസ്സ് ‘ എന്ന കുറിപ്പിലുള്ളത്. തീവണ്ടിയിലെ പരിചയം നല്ല സൗഹൃദമായപ്പോൾ പാട്ടുകാരനും പാട്ടിന് സംഗീതം നൽകുകയും ചെയ്തിട്ടുള്ള ഒടുവിലിനെ മേനോൻ ‘ശ്രീപാദം’ എന്ന കാസറ്റ് ആൽബം സംഗീതം ചെയ്യാൻ ഏൽപ്പിക്കുകയായിരുന്നു.
പിന്നീട് പൂങ്കാവനം, പമ്പാതീർത്ഥം, പരശുറാം എക്സ്പ്രസ്സ് എന്നീ ആൽബങ്ങളും ഒടുവിലിൻ്റെ സംഗീതത്തിൽ പുറത്തിറക്കി. ഒടുവിൽ എന്ന സംഗീത സംവിധായകൻ്റെ പിറവിയുടെ അറിയാത്ത രഹസ്യമാണ് ഇവിടെ അനാവരണം ചെയ്യുന്നത്. ഷൈജു അഴീക്കോട് വരച്ച ചിത്രങ്ങൾ എല്ലാ കുറിപ്പുകളെയും കൂടുതൽ മികവുറ്റതാക്കുന്നു.
1990-ൽ മാഗ്നാ സൗണ്ട്സിനു വേണ്ടി തായമ്പക റെക്കോഡ് ചെയ്തപ്പോൾ തുടങ്ങിയ കെ.കെ.മേനോനുമായുള്ള സൗഹൃദത്തിൻ്റെ ഓർമ്മകൾ അയവിറക്കിക്കൊണ്ട് മട്ടന്നൂർ ശങ്കരൻ കുട്ടിമാരാരാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
പുസ്തകത്തിലെ ലളിതമായ ശൈലിയും ഭാഷയും അതിലുപരി പുതുമയുള്ള പ്രമേയങ്ങളും അവയുടെ ആഖ്യാനരീതിയും വളരെ ഇഷ്ടപ്പെട്ടതായി അദ്ദേഹം പറയുന്നു. ലേഖനങ്ങൾ നമ്മുടെയൊക്കെ ഗതകാല സ്മരണകളെ തട്ടിയുണർത്തും എന്ന കാര്യത്തിൽ സംശയമില്ല എന്നും അദ്ദേഹം കുറിച്ചിരിക്കുന്നു. പ്രസാധകർ : സുജിലി പബ്ലിക്കേഷൻസ്, വില: 140 രൂപ.




















