തൃശൂര്‍ മെഡി. കോളേജില്‍ 1.5 ടെസ്ല എം.ആര്‍.ഐ. സ്‌കാനിംഗ് മെഷീന്‍

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി അത്യാധുനിക1.5 ടെസ്ല എം.ആര്‍.ഐ. സ്‌കാനിംഗ് മെഷീന്‍ സ്ഥാപിക്കുന്നു. ഇതിനായി 6,90,79,057 രൂപ അനുവദിച്ച് ഉത്തരവിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

മെഡിക്കല്‍ കോളേജില്‍ തന്നെ എം.ആര്‍.ഐ. പരിശോധന സാധ്യമാകുന്നതോടെ രോഗികള്‍ക്ക് ഏറെ സഹായകകരമാകും.

പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി എം.ആര്‍.ഐ. പരിശോധന നടത്താന്‍ സാധിക്കും. നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം എം.ആര്‍.ഐ. സ്‌കാനിംഗ് മെഷീന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

ആന്തരാവയവങ്ങളുടെ ഘടനയും പ്രവര്‍ത്തനവും സൂക്ഷ്മമായി പകര്‍ത്തിയെടുക്കാന്‍ സാധിക്കുന്നതാണ് 1.5 ടെസ്ല എം.ആര്‍.ഐ. സ്‌കാനിംഗ് മെഷീന്‍. ആന്‍ജിയോഗ്രാം പരിശോധനയും വളരെ കൃത്യമായി ചെയ്യാന്‍ കഴിയും. കാൻസർ പോലെയുള്ള രോഗങ്ങളെ തിരിച്ചറിയാനും കൂടുതല്‍ കൃത്യതയാര്‍ന്ന രോഗനിര്‍ണയം നടത്താനും ഇത് സഹായകമാണ്.

പേശികള്‍, സന്ധികള്‍, അസ്ഥികള്‍, ഞരമ്പുകള്‍, സുഷുമ്‌ന, കശേരുക്കള്‍, മൃദുകലകള്‍, രക്തവാഹിനികള്‍ തുടങ്ങി ശരീരത്തിന്റെ മിക്ക ഭാഗങ്ങളും ഇതിലൂടെ പരിശോധന നടത്താം. തലച്ചോറ്, നട്ടെല്ല്, വയറ്, കഴുത്ത്, തുടങ്ങിയ ശരീര ഭാഗങ്ങളുടെ പരിശോധനകള്‍ക്കും ഉപയോഗിക്കുന്നു.

1.5 ടെസ്ല എം.ആര്‍.ഐ. സ്‌കാനിംഗ് മെഷീന്‍ റേഡിയേഷന്‍ ഇല്ലാതെ കാന്തിക ശക്തിയാല്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ രോഗികള്‍ക്കും പ്രവര്‍ത്തിപ്പിക്കുന്ന ജീവനക്കാര്‍ക്കും ഏറെ സുരക്ഷിതമാണ്.