12 വയസ്സു മുതലുള്ള കുട്ടികൾക്ക് കോവിഡ് വാക്സിനേഷൻ ബുധനാഴ്ച തുടങ്ങും

12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് ബുധനാഴ്ച മുതൽ നൽകി തുടങ്ങും. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയ ട്വീറ്റിലൂടെ അറിയിച്ചതാണിത്. ഹൈദരാബാദിലെ ബയോളജിക്കൽ ഇവാൻസ് വികസിപ്പിച്ച കോര്‍ബിവാക്‌സാണ്‌ കുട്ടികൾക്ക് നൽകുക.

12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന് സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഏറ്റവും മികച്ച രീതിയില്‍ വാക്‌സിനേഷന്‍ നടത്തിയ സംസ്ഥാനമാണ് കേരളം. 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 100 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 87 ശതമാനവുമായി.

15 മുതല്‍ 17 വരെയുള്ള കുട്ടികളുടെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 78 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 44 ശതമാനവുമായി. കരുതല്‍ ഡോസ് വാക്‌സിനേഷന്‍ 48 ശതമാനമാണ്.

12 മുതല്‍ 14 വയസുവരെ 15 ലക്ഷത്തോളം കുട്ടികളുണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. വാക്‌സിനെടുക്കാനുള്ള കേന്ദ്രത്തിന്റെ പ്രൊജക്ടഡ് പോപ്പുലേഷനനുസരിച്ച് ഇത് മാറാന്‍ സാധ്യതയുണ്ട്. കുട്ടികള്‍ക്കായുള്ള 10,24,700 ഡോസ് കോര്‍ബിവാക്‌സ് വാക്‌സിന്‍ സംസ്ഥാനത്ത് ലഭ്യമാക്കിയിട്ടുണ്ട്. എറണാകുളം 4,03,200 ഡോസ്, കോഴിക്കോട് 2,74,500 ഡോസ്, തിരുവനന്തപുരം 3,47,000 ഡോസ് എന്നിങ്ങനെയാണ് വാക്‌സിന്‍ ലഭ്യമായത്.

സംസ്ഥാനത്ത് മാര്‍ച്ച് 16 മുതല്‍ 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും രണ്ടാം ഡോസ് കഴിഞ്ഞ് ഒമ്പത് മാസത്തിന് ശേഷം കരുതല്‍ ഡോസ് എടുക്കാവുന്നതാണ്. നിലവില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും 60 വയസിന് മുകളില്‍ മറ്റ് അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ക്കുമാണ് കരുതല്‍ ഡോസ് നല്‍കി വരുന്നത്.