വിഴിഞ്ഞം ലോകത്തിലേക്കുള്ള കേരളത്തിന്റെ വികസന കവാടം- മുഖ്യമന്ത്രി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകത്തിലേക്കുള്ള കേരളത്തിന്റെ വികസന കവാടമാണെന്നും കേരളത്തിന്റെ വികസന ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ നേട്ടമാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ സമ്പൂർണ കയറ്റുമതി – ഇറക്കുമതി (എക്സിം) പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യത്തെ രണ്ട് എക്സിം കണ്ടെയ്നറുകളും മുഖ്യമന്ത്രി ഫ്ലാഗ്ഓഫ് ചെയ്തു. കേരളത്തിന്റെ സമഗ്ര സമുദ്ര സാമ്പത്തിക വികസനം ലക്ഷ്യമിടുന്ന മിഷൻ സമുദ്ര പദ്ധതിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.
മറ്റൊരു തുറമുഖത്തെയും ആശ്രയിക്കാതെ ട്രാൻസ്ഷിപ്പ്മെന്റ്
ഇല്ലാതെ ആറ് ഭൂഖണ്ഡങ്ങളിലെ നൂറുകണക്കിന് തുറമുഖങ്ങളിലേക്ക് നേരിട്ട് ചരക്കുനീക്കം നടത്താൻ ഇനി വിഴിഞ്ഞം വഴി സാധിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പൂർണമായും ഓട്ടോമേറ്റഡ് ആയി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമാണ് വിഴിഞ്ഞമെന്നത് അഭിമാനകരമായ നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളും ഒരു കണ്ടെയ്നർ സ്റ്റേഷനും 18 മിനി തുറമുഖങ്ങളും സംയോജിപ്പിച്ച് സംസ്ഥാനത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയാണ് ‘മിഷൻ സമുദ്ര’. സംസ്ഥാനത്തെ ചരക്കുനീക്കത്തിന്റെ 50 മുതൽ 60 ശതമാനം വരെ കടൽ മാർഗമാക്കുകയാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം. ഇതിലൂടെ റോഡുകളിലെ ഗതാഗത തിരക്ക് കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിൽ ക്രൂയിസ് ടെർമിനൽ ആരംഭിക്കുമെന്നും കൊച്ചിയിൽ നിന്ന് ദുബായിലേക്കും ഗോവയിലേക്കും കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കും യാത്രാ കപ്പൽ സർവീസുകൾ ആരംഭിക്കാൻ പദ്ധതികൾ ആവിഷ്കരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ 44 നദികളെയും കായലുകളെയും ബന്ധിപ്പിച്ച് വലിയ തോതിലുള്ള റിവർ ക്രൂയിസ് പദ്ധതികളും നടപ്പാക്കും.
കയർ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്ക് പുറമെ കേരളത്തിന്റെ തനത് ഭക്ഷ്യോൽപ്പന്നങ്ങൾ വരെ വിഴിഞ്ഞം വഴി കയറ്റുമതി ചെയ്യും. ‘കേരള ബ്രാൻഡ്’ എന്ന പേരിൽ ഇത്തരം ഉൽപ്പന്നങ്ങൾ ലോകമെമ്പാടും എത്തിക്കാൻ വിഴിഞ്ഞം വലിയ അവസരമാണ് നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകത്തെവിടെയും പുതിയ തുറമുഖങ്ങൾ ആരംഭിക്കുന്നതിന് മറ്റ് രാജ്യങ്ങളെ സഹായിക്കാൻ കഴിയുന്ന തരത്തിൽ വിഴിഞ്ഞം കേന്ദ്രീകരിച്ച് ഇന്റർനാഷണൽ കൺസൾട്ടൻസി സർവീസ് ആരംഭിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. വിഴിഞ്ഞം തുറമുഖം ഒരുക്കുന്ന അനന്ത സാധ്യതകൾ സംസ്ഥാനത്തിനും രാജ്യത്തിനും പ്രയോജനപ്പെടുത്തുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന തുറമുഖ വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ സ്വാഗതം പറഞ്ഞു. അദാനി പോർട്സ് സി.ഇ.ഒ അശ്വനി ഗുപ്ത ‘വിഴിഞ്ഞം വിഷൻ’ അവതരിപ്പിച്ചു. എം. വിൻസെന്റ് എം.എൽ.എ, ഡയറക്ടർ ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷൻ ശ്യാം ജഗന്നാഥൻ, കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ (കൊച്ചി) ഡോ. ടിജു തോമസ്, ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസർ (തിരുവനന്തപുരം) അരവിന്ദ് മേനോൻ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജെറോമിക് ജോർജ് തുടങ്ങിയവർ പങ്കെടുത്തു. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ. ഒ പ്രദീപ് ജയരാമൻ നന്ദി പറഞ്ഞു.




















