ഗുരുവായൂരിൽ ആഗസ്റ്റ് 23ന് വിവാഹ ബുക്കിങ്ങ് 422 കടന്നു

ചിങ്ങം പിറന്നതോടെ ഗുരുവായൂരിൽ വിവാഹതിരക്കായി.ആഗസ്റ്റ് 23ന്  ഞായറാഴ്ച 422, 30 ന് 338, സെപ്റ്റംബർ 13ന് 320 എന്നിങ്ങനെയാണ് വിവാഹ ബുക്കിംഗ്.

ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വിവാഹ ചടങ്ങുകൾ ഭംഗിയായി നടത്തുന്നതിനും പോലീസ് സഹകരണത്തോടെ ദേവസ്വം സജ്ജീകരണമൊരുക്കും. ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും കൂടുതൽ പോലീസിനെ വിന്യസിക്കാൻ നടപടിയെടുക്കും.

വിവാഹങ്ങൾ പുലർച്ചെ 4 മണി മുതൽ

സമയബന്ധിതമായി പൂർത്തിയാക്കാൻ ആഗസ്റ്റ് 23, ആഗസ്റ്റ് 30, സെപ്റ്റംബർ 13  തീയതികളിൽ  പുലർച്ചെ നാല് മണി മുതൽ കല്യാണങ്ങൾ നടത്തും. താലികെട്ടിനായി ആറ് മണ്ഡപങ്ങൾ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ ക്ഷേത്രംകോയ്മമാരെ മണ്ഡപത്തിലേക്ക് അധികമായി നിയോഗിക്കും.

വിവാഹമണ്ഡപത്തിന് സമീപം  മംഗളവാദ്യസംഘത്തെയും നിയോഗിക്കും. ക്ഷേത്രംകിഴക്കേ നട പൂർണമായും വൺ വേ ആക്കും. ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കും.
വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി മേൽപുത്തൂർ ഓഡിറ്റോറിയത്തിന്  ക്ഷേത്രം തെക്കേ നടയിലെ പുതിയ നടപ്പന്തലിലെ കൗണ്ടറിലെത്തി ടോക്കൺ വാങ്ങണം.

ഇവർക്ക് ആ പന്തലിൽ വിശ്രമിക്കാം. താലികെട്ട് ചടങ്ങിൻ്റെ ഊഴമെത്തുമ്പോൾ ഇവരെ മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ പ്രവേശിപ്പിക്കും. തുടർന്ന് കിഴക്കേ നട മണ്ഡപത്തിലെത്തി വിവാഹ ചടങ്ങ് നടത്താം. കല്യാണം കഴിഞ്ഞാൽ വിവാഹ സംഘം ക്ഷേത്രം തെക്കേ നട വഴി മടങ്ങി പോകണം. കിഴക്കേ നടവഴി മടങ്ങാൻ അനുവദിക്കില്ല.വധു വരൻമാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേർക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കു.

ദർശന ക്രമീകരണം

ക്ഷേത്രത്തിൽ ക്രമാതീതമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ദർശനത്തിന് കൂടുതൽ സൗകര്യമൊരുക്കാൻ ക്ഷേത്രത്തിൽ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. ക്ഷേത്ര ദർശനത്തിന്നെത്തുന്ന ഭക്തർക്കും വിവാഹ ചടങ്ങിനെത്തുന്നവർക്കും കരുതലും സഹായവുമൊരുക്കി ദേവസ്വം ജീവനക്കാരും സെക്യൂരിറ്റി വിഭാഗവും  പോലീസും ഉണ്ടാകും.

റോഡുകളിൽ പാർക്കിങ്ങ് അനുവദിക്കില്ല

വിവാഹത്തിനും ദർശനത്തിനും അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഗുരുവായൂരിലേക്ക് അനാവശ്യ യാത്ര ഒഴിവാക്കണം. ക്ഷേത്രം ഇന്നർ റിംഗ്, ഔട്ടർ റിങ്ങ് റോഡുകളിൽ വാഹന പാർക്കിങ്ങ് അനുവദിക്കില്ല. വാഹന പാർക്കിങ്ങ് അനുവദനീയ കേന്ദ്രങ്ങളിൽ മാത്രം .

ക്ഷേത്രപരിസരത്ത് ഭക്തജനക്കൾക്ക് യഥേഷ്ടം കുടിവെള്ളം ലഭ്യമാക്കും. അടിയന്തിര സന്ദർഭത്തിൽ ആംബുലൻസ്, ഫയർഫോഴ്സ് വാഹനങ്ങൾക്ക് സഞ്ചരിക്കാൻ വഴിയൊരുക്കും. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം ക്രമീകരണങ്ങൾ വിലയിരുത്തി.