കേരളത്തിൽ തുലാവർഷം എത്തി; തേജ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു

കേരളത്തിലും തമിഴ്നാട്ടിലും ശനിയാഴ്ച തുലാവർഷം എത്തിയതായി
കേന്ദ്ര കാലാവസ്ഥാ വകുപ്പ്  അറിയിച്ചു. കോമറിൻ മേഖലക്ക്‌ മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ഒക്ടോബർ 23, 24 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന്  കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്ക് പടിഞ്ഞാറൻ അറബിക്കടലിനു മുകളിൽ തേജ് ചുഴലിക്കാറ്റ്  തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിൽ അതി തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. ഒക്ടോബർ 22 രാവിലെ വരെ വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയിലും തുടർന്ന്. ഒക്ടോബർ 24 രാവിലെ വരെ  വടക്ക് പടിഞ്ഞാറ് ദിശയിലും പിന്നീട് വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയിലും സഞ്ചരിക്കും. ഇത് ഒക്ടോബർ 25 രാവിലെയോടെ യെമൻ -ഒമാൻ തീരത്ത്

അൽ ഗൈദാക്കും (യെമൻ ) സലാലാക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂന മർദ്ദം നിലനിൽക്കുന്നുണ്ട്. ഇത് ഒക്ടോബർ 22 ഓടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനു മുകളിൽ തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്നുള്ള മൂന്നു ദിവസം വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ബംഗ്ലാദേശ് പശ്ചിമ ബംഗാൾ തീരത്തേക്ക്‌ നീങ്ങാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *