കാർബൺ ക്രെഡിറ്റ് നേടുന്ന ആദ്യ വാട്ടർ മെട്രോയായി കൊച്ചി വാട്ടർ മെട്രോ
രാജ്യത്തെ പരിസ്ഥിതി സൗഹൃദ പൊതുഗതാഗത രംഗത്ത് ചരിത്രപരമായ മറ്റൊരു ചുവടുവെപ്പുമായി കൊച്ചി വാട്ടർ മെട്രോ. സർവീസുകൾ വഴി ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണ കുറവും ഹരിതഗൃഹ വാതക ബഹിർഗമനത്തിലെ കുറവും ശാസ്ത്രീയമായി വിലയിരുത്തി സാമ്പത്തിക നേട്ടമാക്കി മാറ്റുന്ന കാർബൺ ക്രെഡിറ്റ് വാലിഡേഷന് പ കൊച്ചി വാട്ടർ മെട്രോ തുടക്കം കുറിച്ചു.
ഇതിനായി അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായ ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഷർ ക്ലൈമറ്റ് എന്ന ഏജൻസിയെ ടെൻഡർ നടപടികളിലൂടെ തെരഞ്ഞെടുത്തു. റവന്യു ഷെയറിംഗ് മാതൃകയിലാണ് പദ്ധതി നിർവ്വഹണം. പദ്ധതിക്കായി കൊച്ചി വാട്ടർ മെട്രോ യാതൊരു സാമ്പത്തിക ബാധ്യതയും വഹിക്കുന്നില്ല. പകരം ലഭിക്കുന്ന കാർബൺ ക്രെഡിറ്റുകൾ വിപണിയിൽ ട്രേഡ് ചെയ്യുമ്പോൾ കിട്ടുന്ന തുകയുടെ 71 ശതമാനവും കൊച്ചി വാട്ടർ മെട്രോയ്ക്ക് ലഭ്യമാകുന്ന വിധത്തിലുള്ള റവന്യൂ ഷെയറിംഗ് മാതൃകയിലാണ് കരാർ.
കാർബൺ ക്രെഡിറ്റ് സർട്ടിഫിക്കേഷൻ, അനുമതികൾ, സാങ്കേതിക പഠനങ്ങൾ എന്നിവയുടെ മുഴുവൻ ചെലവും ഏജൻസി തന്നെയാണ് വഹിക്കുന്നത്. ഫോസിൽ ഫ്യൂവൽ (ഡീസൽ, പെട്രോൾ) ഉപയോഗിക്കുന്ന പരമ്പരാഗത ബോട്ടുകൾക്കും വ്യക്തിഗത വാഹനങ്ങൾക്കും പകരമായി പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ ബോട്ടുകളാണ് വാട്ടർ മെട്രോ ഉപയോഗിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി യാത്രക്കാർ വാട്ടർ മെട്രോ തിരഞ്ഞെടുക്കുമ്പോൾ കുറയുന്ന കാർബൺ പ്രസരണം ശാസ്ത്രീയമായി കണക്കാക്കും. വാട്ടർ മെട്രോ നിർമ്മാണം മുതൽ സർവീസ് വരെയുള്ള എല്ലാ വശങ്ങളും പഠിച്ച് അന്താരാഷ്ട്ര സ്കീമുകൾക്ക് അനുയോജ്യമായ അനുമതികൾ നേടും. ഇത്തരത്തിൽ ലഭിക്കുന്ന കാർബൺ ക്രെഡിറ്റുകൾ അന്താരാഷ്ട്ര വിപണിയിൽ ട്രേഡ് ചെയ്ത് സാമ്പത്തിക നേട്ടം ഉണ്ടാക്കും.
ഇലക്ട്രിക് വാട്ടർ ട്രാൻസ്പോർട്ട് രംഗത്ത് കാർബൺ ക്രെഡിറ്റ് പ്രയോജനപ്പെടുത്തുന്ന ഇന്ത്യയിലെയും കേരളത്തിലെയും ആദ്യ സംരംഭങ്ങളിലൊന്നാണ് ഇതെന്ന് കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് വ്യക്തമാക്കി. ഭാവിയിൽ പരിസ്ഥിതി നിയമങ്ങളും ചട്ടങ്ങളും കൂടുതൽ കർശനമാകുമ്പോൾ ഈ കാർബൺ ക്രെഡിറ്റുകളുടെ മൂല്യം വർധിക്കുകയും വലിയ സാമ്പത്തിക വരുമാനമായി ഇത് മാറുകയും ചെയ്യും.




















