വിക്രം-1′ റോക്കറ്റ് ദൗത്യത്തിലെ മലയാളികൾ മുഖ്യമന്ത്രിയെ സന്ദർശിച്ചു

ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്കൈറൂട്ട് എയറോസ്പേസിന്റെ ‘വിക്രം 1’ റോക്കറ്റ് ദൗത്യത്തിൽ പങ്കാളികളായ മലയാളി എൻജിനീയർമാരുടെ സംഘം സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചു. ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച 14 അംഗ മലയാളി ടീമിലെ ഏഴുപേരാണ് എത്തിയത്.

ഇലക്ട്രോ-മെക്കാനിക്കൽ ഏകോപനം നിർവ്വഹിച്ച നിർമൽ നെൽസൺ (പത്തനംതിട്ട), ലിക്വിഡ് പ്രൊപ്പൽഷൻ ഡിസൈനർ അജിത് കുമാർ എസ്. (ആലപ്പുഴ), ഫ്ലൂയിഡ് കൺട്രോൾ വിഭാഗത്തിലെ ഡോ. ബിനറ്റ് മോനച്ചൻ (കൊല്ലം), പ്രൊപ്പൽഷൻ ടീമിലെ അജിൻ ഘോഷ് കെ. കെ. (കോഴിക്കോട്), ഘടക സമാഹരണത്തിന് നേതൃത്വം നൽകിയ രഞ്ജിത് രവി (കോഴിക്കോട്), ഏവിയോണിക്സ് ക്വാളിറ്റി വിഭാഗത്തിലെ ലിന്റ് സി. തോമസ് (കോഴിക്കോട്), അഞ്ചലി അശോകൻ (എറണാകുളം) എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഇന്ത്യയുടെ ആദ്യ സ്വകാര്യ റോക്കറ്റ് ദൗത്യത്തിൽ കേരളത്തിന്റെ യുവ എൻജിനീയർമാർ നിർണായക ചുമതലകൾ വഹിച്ചത് സംസ്ഥാനത്തിന് വലിയ അഭിമാനമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവർക്കൊപ്പം ദൗത്യത്തിൽ പങ്കാളികളായ വൈശാഖ് വി, രംഷീജ് എം,അനന്തകൃഷ്ണൻ, വിഷ്ണു എം. കെ, ശ്രീനാഥ് എസ്, രാഹുൽ രമേഷ്, അലക്സിസ് ജെ. നീരയ്ക്കൽ എന്നിവരും കേരളത്തിന് അഭിമാനമാണ്.

ഗുരുത്വാകർഷണമില്ലാത്ത ബഹിരാകാശത്തും എഴുതാവുന്ന പ്രത്യേക ‘സ്പേസ് പേന’യും ശുഭാൻഷു ശുക്ലയുടെ ‘ദ സെക്കൻഡ് ഓർബിറ്റ്’ എന്ന പുസ്തകവും മുഖ്യമന്ത്രിക്ക് സമ്മാനിച്ചാണ് സംഘം മടങ്ങിയത്. ഇന്ത്യൻ ബഹിരാകാശ രംഗത്ത് പുതിയ ചരിത്രം കുറിക്കുന്ന സ്കൈറൂട്ടിനും അതിലെ മലയാളി പ്രൊഫഷണലുകൾക്കും എല്ലാവിധ ആശംസകളും നേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.