ദിനേഷ് വി. ഗൻവീർ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡയറക്ടർ 

ദിനേഷ്.വി. ഗൻവീർ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ 55-ാമത് ഡയറക്ടർ ജനറലായി ചുമതലയേറ്റു. 32 വർഷത്തിലേറെ സേവന പാരമ്പര്യമുള്ള ദിനേഷ് ഗൻവീറിന്, ജിയോളജിക്കൽ മാപ്പിംഗ്, ധാതു പര്യവേക്ഷണം,എഞ്ചിനീയറിംഗ് ജിയോളജി, ഭരണനിർവ്വഹണം എന്നീ മേഖലകളിൽ പ്രാവീണ്യമുണ്ട്.

ഈ പദവി ഏറ്റെടുക്കുന്നതിന് മുമ്പ് നാഗ്പൂരിലെ സെൻട്രൽ റീജിയണിൽ അഡീഷണൽ ഡയറക്ടർ ജനറലായും വകുപ്പ് മേധാവിയായും  സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ നാഷണൽ മിഷൻ ഹെഡ്-II എന്ന ചുമതലയും വഹിച്ചിരുന്നു.

ഇന്ത്യയിലെ പ്രമുഖ ഭൗമശാസ്ത്ര സ്ഥാപനത്തിന്റെ തലപ്പത്തേക്ക് എത്തുമ്പോൾ അദ്ദേഹത്തിന്റെ വിപുലമായ ഫീൽഡ് അനുഭവസമ്പത്തും ഭരണപരമായ പാടവവും ജി.എസ്.ഐയുടെ ശാസ്ത്രീയ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ മുതൽ കൂട്ടാവും. വികസിത് ഭാരത് 2047ന് അനുസൃതമായി രാജ്യത്തിന്റെ ഭൗമശാസ്ത്രപരമായ ശേഷി ശക്തിപ്പെടുത്തുന്നതിനും സഹായകമാകും.

ദിനേഷ് ഗൻവീറിന് കൊൽക്കത്തയിലെ ജി.എസ്.ഐ. സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സിൽ  സ്വീകരണം നൽകി. ഡെപ്യൂട്ടി ഡയറക്ടർ ജനറൽമാരായ ഡോ. സ്നിഗ്ധ ഘട്ടക്, കാർത്തികേയ വർമ്മ എന്നിവർ സംസാരിച്ചു.

ഡയറക്ടറായിരുന്ന വർഷ അശോക് അഗ്ലാവെ വിരമിച്ചതിനെ തുടർന്നാണ് പുതിയ ഡയരക്ടർ ചാർജെടുത്തത്. ജി.എസ്.ഐയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഡയരക്ടറാണ് അശോക് അഗ്ലാവെ.1851 ലാണ് ജി.എസ്.ഐ സ്ഥാപിച്ചത്.