ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം മൃദംഗ വിദ്വാൻ ഡോ. ടി.കെ.മൂർത്തിക്ക്
2026 ലെ ഗുരുവായൂർ ദേവസ്വം ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം മൃദംഗ വിദ്വാൻ ഡോ. ടി.കെ. മൂർത്തിയ്ക്ക് സമ്മാനിക്കും. ഒൻപത് പതിറ്റാണ്ടായി കർണാടക സംഗീത ശാഖയ്ക്ക് നൽകിയ ഉന്നതവും അനന്യവുമായ സംഭാവനകൾക്കാണ് പുരസ്കാരം.103 വയസ്സിൻ്റെ നിറവിലെത്തിയ ടി.കെ. മൂർത്തിക്ക് പത്മശ്രീ പുരസ്കാരം കിട്ടിയിട്ടുണ്ട്.
ശ്രീഗുരുവായൂരപ്പൻ്റെ രൂപം ആലേഖനം ചെയ്ത10 ഗ്രാം സ്വർണ്ണപ്പതക്കം, 50001 രൂപ, പ്രശസ്തിപത്രം, ഫലകം, പൊന്നാടഎന്നിവയടങ്ങുന്നതാണ് പുരസ്കാരം. ഗുരുവായൂർ ഏകാദശിയുടെ ഭാഗമായി ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോൽസവത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. നവംബർ ആറിന് അഞ്ച് മണിക്കാണിത്.
കർണാടക സംഗീത ലോകത്തിലെ അതുല്യനായ മൃദംഗ വിദ്വാനും ഗുരുവുമാണ് ടി.കെ. മൂർത്തി. കേന്ദ്ര സർക്കാരിൻ്റെ സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീതകലാനിധി ബഹുമതി ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
കർണാടക സംഗീത രംഗത്തെ ഉന്നതശീർഷരായ അരിയക്കുടി രാമാനുജ അയ്യങ്കാർ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ശെമ്മങ്കുടി ശ്രീനിവാസ അയ്യർ, ഡോ.എം.ബാലമുരളീകൃഷ്ണ, കെ.ജെ യേശുദാസ്, ലാൽഗുഡി ജയരാമൻ തുടങ്ങിയ പ്രതിഭകൾക്ക് മൃദംഗത്തിൽ പക്കമേളമൊരുക്കിയിട്ടുണ്ട്. ദേവസ്വം ചെയർമാൻ ഏ.വി.ഗോപിനാഥിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതിയാണ് പുരസ്കാരം തീരുമാനിച്ചത്.
മൃദംഗ വിദ്വാൻമാരായ തിരുവനന്തപുരം വി. സുരേന്ദ്രൻ, കോട്ടയം ജി. സന്തോഷ് കുമാർ, ദേവസ്വം ചെയർമാൻ ഏ.വി.ഗോപിനാഥ്, ഭരണ സമിതി അംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവരുൾപ്പെട്ട പുരസ്കാര നിർണ്ണയ സമിതിയുടെ ശുപാർശ ദേവസ്വം ഭരണസമിതി അംഗീകരിക്കുകയായിരുന്നു. 2005ലാണ് ദേവസ്വം ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം ആരംഭിച്ചത്. ടി.വി.ഗോപാലകൃഷ്ണനായിരുന്നു (വായ്പാട്ട്) ആദ്യ പുരസ്കാരം.




















