ഒളിമ്പിക്സ് ലക്ഷ്യമിട്ട് സംസ്ഥാനത്ത് സമഗ്ര കായികപദ്ധതി നടപ്പാക്കും- മുഖ്യമന്ത്രി 

2036 ഒളിമ്പിക്സ് ലക്ഷ്യമിട്ട് സംസ്ഥാനത്തെ കായികമേഖലയിൽ സമഗ്രമായ പദ്ധതികൾ നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കുട്ടികളെ ലഹരിമാഫിയകൾക്ക് വിട്ടുകൊടുക്കില്ലെന്നും ലഹരിക്കെതിരായ ഏറ്റവും ശക്തമായ പ്രതിരോധമാണ് കായികരംഗമെന്നും മുഖ്യമന്ത്രി പറഞ്ഞു. 68-ാമത് സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് എൻ.ഐ.ടി ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന് പുറത്തുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് യാത്രാബത്തയും ദിനബത്തയും ഉൾപ്പെടെയുള്ള ചെലവുകൾ സർക്കാർ കൃത്യമായി നൽകും. ഫണ്ട് ലഭിക്കാത്തതിന്റെ പേരിൽ കായികതാരങ്ങൾക്കും രക്ഷിതാക്കൾക്കും ബുദ്ധിമുട്ട് നേരിടേണ്ടിവരില്ല. ചെലവാകുന്ന തുക എത്രയായാലും സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

അന്താരാഷ്ട്ര മത്സരങ്ങളിൽ മെഡൽ നേടുന്ന കായികതാരങ്ങൾക്ക് അർഹമായ പാരിതോഷികത്തുക അവരുടെ അക്കൗണ്ടുകളിലെത്തിക്കുന്ന നടപടികൾ സ്വീകരിക്കും. കായികാധ്യാപകരുടെ നിയമനം ഉൾപ്പെടെ കായികമേഖലയെ ശക്തിപ്പെടുത്തുന്നതിനായി പൊതുവിദ്യാഭ്യാസ, കായിക വകുപ്പുകളെ ഏകോപിപ്പിച്ച് സമഗ്രമായ പ്രത്യേക പാക്കേജ് നടപ്പാക്കും.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പുതിയ കളിക്കളങ്ങളും സ്റ്റേഡിയങ്ങളും ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. കോഴിക്കോട്ട് പ്രഖ്യാപിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ പൊതു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.