പാർക്ക് ചെയ്ത വിമാനങ്ങൾക്ക് വൈദ്യുതി എത്തിക്കാൻ സംവിധാനവുമായി’സിയാൽ’
പരിസ്ഥിതി സൗഹൃദ വിമാനത്താവളം എന്ന നിലയിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സിയാൽ മറ്റൊരു നിർണ്ണായക ചുവടുവെപ്പ് കൂടി നടത്തുന്നു. അന്താരാഷ്ട്ര ടെർമിനലിൽ 15.04 കോടി രൂപ ചെലവിൽ ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്മെന്റ് സംവിധാനം ഒരുക്കി. ഇതിൻ്റെ ഉദ്ഘാടനം സെപ്റ്റംബര് 24ന് കേരള മുഖ്യമന്ത്രിയും സിയാൽ ചെയർമാനുമായ വി.ഡി.സതീശൻ നിർവഹിക്കും.
വിമാനങ്ങൾ പാർക്ക് ചെയ്തിരിക്കുമ്പോൾ അവയിലെ വൈദ്യുത ആവശ്യങ്ങൾ നിർവ്വഹിക്കുക എന്നതാണ് ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്മെന്റിന്റെ പ്രധാന ചുമതല. സാധാരണയായി വിമാനത്തിനുള്ളിലെ എഞ്ചിനുകളോ ഓക്സിലറി പവർ യൂണിറ്റോ പ്രവർത്തിപ്പിച്ച് അതിലെ ഇന്ധനം ഉപയോഗിച്ചാണ് ഇത്തരം ആവശ്യങ്ങൾക്കുള്ള വൈദ്യുതി കണ്ടെത്തുന്നത്. എന്നാൽ ഇത് വലിയ രീതിയിലുള്ള ഇന്ധനച്ചെലവിന് കാരണമാകുന്നു.
ഇതിനു പകരമായി, വിമാനത്തിന് ആവശ്യമായ വൈദ്യുതി പുറമേ നിന്ന് എത്തിക്കുകയാണ് ബി. എം. ഇ. ചെയ്യുന്നത്. വിമാനത്താവളത്തിലെ എയറോബ്രിഡ്ജിൽ ഘടിപ്പിച്ചിട്ടുള്ള ബി.എം.ഇ. വഴി, പാർക്ക് ചെയ്തിരിക്കുന്ന വിമാനങ്ങളിലേക്ക് ആവശ്യമായ വൈദ്യുതിയും റീകണ്ടീഷൻ ചെയ്ത എയറും നേരിട്ട് ലഭ്യമാക്കുന്നു. ഇതുവഴി വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരിക്കുന്ന വിമാനങ്ങളുടെ ഇന്ധന ഉപയോഗവും മലിനീകരണവും വലിയ അളവിൽ കുറയ്ക്കാൻ സാധിക്കുന്നു.
മണിക്കൂറിൽ ഏകദേശം 122 മുതൽ 145 കിലോഗ്രാം കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്നത് തടയാനും ശബ്ദമലിനീകരണം കുറയ്ക്കാനും ഏപ്രണിലെ പ്രവർത്തനം കൂടുതൽ സംരക്ഷിതവും സുരക്ഷിതവുമാക്കാനും ഇതിലൂടെ സാധിക്കും. ഇത്തരത്തിലുള്ള നൂതന പശ്ചാത്തല സൗകര്യങ്ങൾ സ്വന്തം ചെലവിൽ ഒരുക്കി എയർലൈൻ പങ്കാളികൾക്ക് കൈത്താങ്ങാവുകയാണ് സിയാൽ. ഹരിത വികസനവും സാമ്പത്തിക കാര്യക്ഷമതയും ഒരേസമയം സാധ്യമാക്കുന്ന ഈ പദ്ധതി വ്യോമയാന മേഖലയ്ക്ക് തന്നെ മാതൃകയാണ്.




















