തീവ്രമഴ: വെള്ളപ്പൊക്കം ഒഴിവാക്കാൻ സിയാലിൽ ഒരുക്കങ്ങൾ

തീവ്രമഴയുടെ പശ്ചാത്തലത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേയും പരിസരപ്രദേശങ്ങളിലേയും വെള്ളപ്പൊക്കം ഒഴിവാക്കാൻ കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ സിയാൽ സജ്ജമാക്കി. മഴവെള്ളം തടസ്സമില്ലാതെ ഒഴുകിപ്പോകാനും വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത പരമാവധി കുറക്കാനും ലക്ഷ്യമിട്ടുകൊണ്ട് സിയാൽ നടപ്പിലാക്കുന്ന പദ്ധതിയായ ‘ഓപ്പറേഷൻ പ്രവാഹ്’ അതിവേഗം പൂർത്തിയായി വരുന്നു. ഇതിനൊപ്പം പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഇപ്പോൾ ഏർപ്പെടുത്തി വരികയാണ്.

പദ്ധതിയുടെ ഭാഗമായി വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രധാന ശൃംഖലകളായ ചെങ്ങൽത്തോട്, കൈതകാട്ടുചിറത്തോട്, ഡൈവേർഷൻ കനാൽ എന്നിവിടങ്ങളിൽ വ്യാപകമായ തോട് ശുചീകരണ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. തോടുകളിൽ അടിഞ്ഞുകൂടിയ എക്കൽ, മണ്ണ്, മാലിന്യങ്ങൾ, ജലപ്രവാഹത്തെ തടസ്സപ്പെടുത്തുന്ന മറ്റ് അവശിഷ്ടങ്ങൾ എന്നിവ നീക്കം ചെയ്ത് മഴവെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് മെച്ചപ്പെടുത്തുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ആകെ 23.85 കിലോമീറ്റർ ദൈർഘ്യമുള്ള തോടുകളിലും കനാലുകളിലുമായാണ് ശുചീകരണ-നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഏകദേശം 41 ലക്ഷം രൂപ  ചെലവഴിച്ചാണ് ഇത്തവണ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ഇതിൽ 17.90 കിലോമീറ്റർ ചെങ്ങൽത്തോടും 3.15 കിലോമീറ്റർ ഡൈവേർഷൻ കനാലും 2.80 കിലോമീറ്റർ കൈതകാട്ടുചിറത്തോടും ഉൾപ്പെടുന്നു.

ഓപ്പറേഷൻ പ്രവാഹിന്റെ ആദ്യ രണ്ട് ഘട്ടങ്ങളുടെ ഭാഗമായി മഴവെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനുള്ള വിവിധ അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ സിയാൽ നടപ്പാക്കിയിരുന്നു. ഇതിന്റെ ഭാഗമായി എ.പി. വർക്കി, ചെത്തിക്കോട്, കുഴിപ്പള്ളം എന്നിവിടങ്ങളിലെ മൂന്ന് പാലങ്ങളും നിരവധി റോഡുകളുടെ പുനരുദ്ധാരണവും പൂർത്തിയാക്കിയിട്ടുണ്ട്.

ചൊവ്വര, മഠത്തിൽമൂല, പുളിയാമ്പിള്ളി  എന്നിവിടങ്ങളിലായി  40 കോടി രൂപ ചിലവിൽ നിർമിക്കുന്ന പാലങ്ങളുടെ നിർമാണവും പുരോഗമിക്കുകയാണ്. ഈ മൂന്ന് പാലങ്ങളുടെയും നിർമാണ ചുമതല റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള  റൈറ്റ്സ് ലിമിറ്റഡ് എന്ന കമ്പനിയ്ക്കാണ്. നിലവിൽ ജലവിഭവവകുപ്പ്, കെ.എസ്.ഇ.ബി എന്നീ വകുപ്പുകളുടെ കാര്യക്ഷമമായ ഏകോപനത്തിലൂടെ നിർമാണ പ്രവർത്തനങ്ങൾക്ക് വേഗം കൈവരിച്ചിട്ടുണ്ട്.

വെള്ളപ്പൊക്ക നിവാരണ പദ്ധതിയായ ഓപ്പറേഷൻ പ്രവാഹിന്റെ രണ്ടാം ഘട്ടത്തിൽ റൺവേയുടെ തെക്ക് ഭാഗത്തുള്ള ഡൈവേർഷൻ കനാൽ വീതികൂട്ടുകയും 20 കിലോമീറ്റർ ചുറ്റളവിലുള്ള വിവിധ തോടുകൾ നവീകരിക്കുകയും ചെയ്തതോടെ വിമാനത്താവളത്തിലെയും പരിസരത്തെയും വെള്ളപ്പൊക്കം നിയന്ത്രിക്കാനായി.

നിലവിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് സമഗ്രമായ വെള്ളപ്പൊക്കെ നിയന്ത്രണ സംവിധാനമാണ് പ്രവർത്തിക്കുന്നത്. പെരിയാറിന്റെ പ്രവേശന കേന്ദ്രമായ നീലീശ്വരം മുതൽ വിവിധ ഭാഗങ്ങളിലെ ജലനിരപ്പ് തുടർച്ചയായി നിരീക്ഷിക്കുന്ന സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

ഇതുൾപ്പെടെ പെരിയാറിലെ വിവിധ ഭാഗങ്ങളിലുള്ള വെള്ളത്തിന്റെ അളവ്, വിമാനത്താവളത്തിലെ ഡ്രെയിനേജ് ശൃംഖലയിലെ അകത്തേക്കും പുറത്തേക്കുമുള്ള ജലപ്രവാഹം എന്നിവ  തുടർച്ചയായി നിരീക്ഷിച്ച് ഇതുമായി ബന്ധപ്പെട്ട ഡാറ്റ കേന്ദ്രീകൃത സംവിധാനത്തിലൂടെ ശേഖരിച്ച് വിശകലനം ചെയ്തശേഷം തുടർനടപടികൾ കൈക്കൊള്ളുന്നുണ്ട്. ചിത്രം: ശുചീകരണം പൂർത്തിയാക്കിയ കൈതക്കാട്ടുചിറ തോട്