പരിശീലനത്തിനായി ‘ലാബ് ഓൺ വീൽസ്’ സ്കൂളുകളിലേക്ക്
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ അസാപ് കേരള നടപ്പാക്കുന്ന ‘ലാബ് ഓൺ വീൽസ്’ പദ്ധതി മുഖ്യമന്ത്രി വി.ഡി സതീശൻ ഫ്ലാഗ്ഓഫ് ചെയ്തു.
കേരളത്തിലെ ആദ്യത്തെ മൊബൈൽ എക്സ്പീരിയൻഷ്യൽ ലേണിംഗ് ലബോറട്ടറിയായ ഈ സംരംഭം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, കോഡിംഗ്, മൈക്രോകൺട്രോളറുകൾ, ഇലക്ട്രോണിക്സ്, ത്രീഡി ഡിസൈനിംഗ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിൽ വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം നൽകും.
നഗര, ഗ്രാമ, തീരദേശ, ആദിവാസി, മലയോര മേഖലകൾ ഉൾപ്പെടെ കേരളത്തിലെ സ്കൂളുകളിലും കോളേജുകളിലും ലാബ് ഓൺ വീൽസ് എത്തും. സംസ്ഥാന സർക്കാരും അസാപ് കേരളയും ഇൻഫോസിസും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
എല്ലാ വിദ്യാർഥികൾക്കും ഒരുപോലെ സാങ്കേതിക വിദ്യാഭ്യാസവും വ്യവസായ മേഖലയുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പ്രായോഗിക പഠനാനുഭവവും ഉറപ്പാക്കുക, സാങ്കേതിക മേഖലയിലെ തൊഴിൽസാധ്യതകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, സർക്കാർ, അക്കാദമിക് സ്ഥാപനങ്ങൾ, വ്യവസായ മേഖല എന്നിവ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.




















