ഓറിയന്റൽ കുള്ളൻ മീൻകൊത്തിയുടെ അപൂർവ വിശേഷങ്ങൾ

ഡോ. പി.വി. മോഹനൻ

ഒരു പക്ഷിയെ കാണാനായി നൂറുകണക്കിന് കിലോമീറ്റർ സഞ്ചരിക്കുന്നത് ചിലർക്ക് അതിശയമായി തോന്നിയേക്കാം. എന്നാൽ ഒരു പക്ഷിനിരീക്ഷകനും വന്യജീവി ഫോട്ടോഗ്രാഫർക്കും അത് ഒരു യാത്ര മാത്രമല്ല പ്രകൃതിയുടെ ഹൃദയത്തിലേക്കുള്ള തീർത്ഥാടനമാണ്. ചില തീർത്ഥാടനങ്ങളുടെ പ്രതിഫലം ഒരു ചിത്രം മാത്രമായിരിക്കും. ചിലത് ജീവിതകാലം മുഴുവൻ മനസ്സിൽ പ്രകാശിച്ചുനിൽക്കുന്ന അനുഭവങ്ങളായി മാറും. അത്തരമൊരു അപൂർവാനുഭവത്തിനായാണ് കണ്ണൂരിൽ നിന്ന് മഹാരാഷ്ട്ര–ഗോവ അതിർത്തിയിലെ പശ്ചിമഘട്ട മഴക്കാടുകളിലേക്ക് ഞാൻ യാത്ര തിരിച്ചത്.

രാവിലെ വെളിച്ചം പൂർണമായി പരക്കുന്നതിന് മുമ്പേ ഞങ്ങൾ ബാണ്ടേ ഗ്രാമത്തിലെ ഒരു വിശാലമായ വിടുപറമ്പിലെത്തി. അത് ഞങ്ങളുടെ ഗൈഡ് യുവാവായ അമയ്യയുടെ വീടായിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പക്ഷിനിരീക്ഷകരും വന്യജീവി ഫോട്ടോഗ്രാഫർമാരും ഈ ചെറിയ പറമ്പിലേക്ക് എത്തുന്നത് ഒരു പ്രത്യേക കാഴ്ചയ്ക്കായാണ്—കുഞ്ഞുങ്ങൾക്ക് തീറ്റയുമായി എത്തുന്ന ഓറിയന്റൽ കുള്ളൻ മീൻകൊത്തിയുടെ അപൂർവ നിമിഷങ്ങൾ ക്യാമറയിൽ പകർത്താൻ.

വിടുപറമ്പിന്റെ ഒരു മൂലയിലെ മൺകുഴിയുടെ ഭിത്തിയിൽ കുഴിച്ചുണ്ടാക്കിയ മാളത്തിലായിരുന്നു പക്ഷിയുടെ കൂട്. രണ്ടാഴ്ച മുമ്പ് വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങൾ അവിടെ വിശപ്പോടെ മാതാപിതാക്കളെ കാത്തിരിക്കുകയാണ്. പുലർച്ചെ തന്നെ ഞങ്ങൾ ഹൈഡിൽ കയറി നിശ്ശബ്ദമായി ഇരുന്നു. സമയം രാവിലെ ആറരയോടടുത്തപ്പോൾ പ്രതീക്ഷിച്ച നിമിഷം എത്തി.

ആദ്യം ആൺപക്ഷിയും പിന്നെ പെൺപക്ഷിയും ഓരോന്നായി തീറ്റയുമായി സമീപത്തെ മരക്കൊമ്പിൽ വന്നിരുന്നു. കൂടിനുള്ളിലേക്ക് നേരിട്ട് പറക്കാതെ ഏതാനും നിമിഷങ്ങൾ ചുറ്റുപാടുകൾ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമായിരുന്നു അവയുടെ പ്രവേശനം. ആ ഏതാനും സെക്കൻഡുകളാണ് ഫോട്ടോഗ്രാഫർമാർക്ക് ഏറ്റവും വിലപ്പെട്ടത്.

കുഞ്ഞുങ്ങളുടെ പ്രായത്തിനനുസരിച്ച് അവയുടെ ഭക്ഷണക്രമവും മാറുന്നുവെന്ന് അമയ് വിശദീകരിച്ചു. വിരിഞ്ഞിറങ്ങിയ ആദ്യ രണ്ടാഴ്ചകളിൽ പ്രധാനമായും വാൽമാക്രികൾ, പുൽച്ചാടികൾ, ചെറിയ മീനുകൾ, ചിലന്തികൾ തുടങ്ങിയ മൃദുവായ ഇരകളാണ് കുഞ്ഞുങ്ങൾക്ക് ലഭിക്കുക. പിന്നീട് കുഞ്ഞുങ്ങൾ വളരുന്നതിനനുസരിച്ച് പല്ലി, അരണ, ഓന്ത്, വലിയ മീനുകൾ, ഞണ്ട് എന്നിവയും ഭക്ഷണപ്പട്ടികയിൽ ഇടംപിടിക്കും.

ആദ്യ രണ്ടാഴ്ചകളിൽ ഒരു ദിവസം ശരാശരി ഇരുപത്തിയഞ്ച് മുതൽ മുപ്പത് തവണ വരെ മാതാപിതാക്കൾ തീറ്റയുമായി എത്തും. അതിൽ ഭൂരിഭാഗവും ആൺപക്ഷിയാണ് കൊണ്ടുവരുന്നത്. പെൺപക്ഷി കൂടുതലായും ചെറിയ ജീവികളെയാണ് ശേഖരിക്കുന്നത്. ഞങ്ങൾ നിരീക്ഷിച്ച ആ പ്രഭാതത്തിൽ ആദ്യത്തെ രണ്ടുമൂന്നു തവണ അരണയുമായാണ് പക്ഷികൾ എത്തിയത്. പിന്നീട് പല്ലിയും ഓന്തും മാറിമാറി എത്തി. ഓരോ വരവിലും മാതാപിതാക്കളുടെ കരുതലും കുഞ്ഞുങ്ങളുടെ ആകാംക്ഷയും പ്രകൃതിയുടെ അത്ഭുതകരമായ കുടുംബജീവിതത്തിന്റെ നേർക്കാഴ്ചയായി മാറി.

അമയ് പറഞ്ഞ മറ്റൊരു വിവരം അതിശയിപ്പിക്കുന്നതായിരുന്നു. ഈ ഗ്രാമത്തെ ചുറ്റിപ്പറ്റിയുള്ള ഏകദേശം പത്ത് കിലോമീറ്റർ പ്രദേശത്താണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഓറിയന്റൽ കുള്ളൻ മീൻകൊത്തികളെ കാണാൻ കഴിയുന്നത് . അതുകൊണ്ടുതന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫോട്ടോഗ്രാഫർമാരുടെ പ്രിയകേന്ദ്രമായി ഈ ഗ്രാമം ഇപ്പോൾ മാറിയിരിക്കുന്നു. ജൂലൈ മുതൽ സപ്തംമ്പർ വരെ ഈ ഗ്രാമം ടൂറിസ്റ്റു കളുടെ തിരക്കിലായിരിക്കും .

ഏറ്റവും കൗതുകകരമായ കാര്യം കഴിഞ്ഞ ആറു വർഷമായി ഒരേ മാളം തന്നെയാണ് ഈ പക്ഷികൾ പ്രജനനത്തിനായി ഉപയോഗിക്കുന്നത് എന്നതാണ്. ഇതിനകം പന്ത്രണ്ട് കുടുംബങ്ങൾ ഇവിടെ വളർന്നിട്ടുണ്ട്. ഒരു ദമ്പതികൾ തുടർച്ചയായി മൂന്ന് വർഷം ഇവിടെ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ചു. പക്ഷെ നാലാം വർഷം മറ്റൊരു ആൺപക്ഷി പഴയ ആൺപക്ഷിയെ ആക്രമിച്ച് ഈ പ്രദേശം കൈവശപ്പെടുത്തുകയായിരുന്നുവെന്ന് അമയ് പറഞ്ഞു. ഇപ്പോഴുള്ള ദമ്പതികളും മൂന്നാം വർഷമായി ഇതേ മാളത്തിലാണ് പ്രജനനം നടത്തുന്നത്.

എന്നാൽ ഈ ചെറുപക്ഷികളുടെ ജീവിതം എല്ലായ്പ്പോഴും സുരക്ഷിതമല്ല. ചേരയും ഉറുമ്പുകളും വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളുടെ പ്രധാന ശത്രുക്കളാണ്. ഒരിക്കൽ അഞ്ച് കുഞ്ഞുങ്ങളെ മുഴുവൻ ഉറുമ്പുകൾ ആക്രമിച്ച് നശിപ്പിച്ച ദുഃഖകരമായ അനുഭവവും ഇവിടെയുണ്ടായിട്ടുണ്ട്. ആ സംഭവത്തിനുശേഷം അമയ് ഈ കൂടിനെ സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുത്തു. ദിവസവും സൂക്ഷ്മമായി നിരീക്ഷിച്ച് അപകടസാധ്യതകൾ ഒഴിവാക്കാൻ അദ്ദേഹം ശ്രദ്ധിക്കുന്നു.

കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിയാൽ മാതാപിതാക്കൾ തീറ്റ കൊടുക്കാൻ മാത്രമാണ് കൂടിനുള്ളിൽ പ്രവേശിക്കുന്നത്. അവ രാത്രി ഉറങ്ങുന്നത് സമീപത്തെ മരക്കൊമ്പുകളിലാണ്. എന്നാൽ അവരുടെ കണ്ണ് എപ്പോഴും ആ ചെറിയ മൺമാളത്തിലായിരിക്കും. പ്രകൃതിയിലെ ഏറ്റവും കരുതലുള്ള മാതാപിതാക്കളുടെ സ്നേഹവും ജാഗ്രതയും അവിടെ ഓരോ നിമിഷവും കാണാനാകുന്നു .

ഹൈഡിനുള്ളിൽ മണിക്കൂറുകളോളം നിശ്ശബ്ദമായി ഇരുന്ന ഞങ്ങൾക്ക് ആ ദിവസം ലഭിച്ചത് ഏതാനും മനോഹരമായ ചിത്രങ്ങൾ മാത്രമായിരുന്നില്ല. മാതാപിതാക്കളുടെ സമർപ്പണവും പ്രകൃതിയുടെ അതിസൂക്ഷ്മമായ സന്തുലിതാവസ്ഥയും അടുത്തറിഞ്ഞ അപൂർവമായ ഒരു അനുഭവം കൂടിയായിരുന്നു അത്.(മൃഗസംരക്ഷണ വകുപ്പ് മുൻ അസി. ഡയരക്ടറും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമാണ് ലേഖകൻ )