ഡോ.കെ.കെ.രാമചന്ദ്രൻ ശാസ്ത്ര സാങ്കേതിക കൗൺസിൽ എക്സി.വൈസ് പ്രസിഡൻ്റ്
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി ഡോ.കെ.കെ. രാമചന്ദ്രനെ നിയമിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് നിയമനത്തെക്കുറിച്ച് അറിയിച്ചത്. മുഖ്യമന്ത്രിയാണ് ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ പ്രസിഡൻ്റ്.
നേരത്തെ ഡോ. രാമചന്ദ്രൻ കൗൺസിലിൻ്റെ മെമ്പർ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കാസർകോട് ജില്ലയിലെ കീഴൂർ സ്വദേശിയാണ്. തിരുവനന്തപുരത്തെ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ 37 വർഷത്തിലേറെ ഭൗമശാസ്ത്രജ്ഞനായും ഗ്രൂപ്പ് ഹെഡായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് കമ്മിറ്റിയുടെ മെമ്പർ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാനത്തെ തീരദേശ മാനേജ്മെന്റിനും പരിസ്ഥിതി ഭരണത്തിനും ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്.
സ്പേസ് ആപ്ലിക്കേഷൻ സെന്ററിന്റെ ഒട്ടേറെ ദേശീയ പരിപാടികളിൽ വിലപ്പെട്ട സംഭാവനകൾ നൽകി. ദേശീയ, അന്തർദേശീയ ജേണലുകളിൽ നിരവധി ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (എ.ഡി.ബി) പ്രോജക്റ്റിന്റെ കൺസൾട്ടന്റായും സേവനമനുഷ്ഠിച്ചു. കേരളത്തിലെ അഞ്ച് മുനിസിപ്പൽ കോർപ്പറേഷനുകൾക്കായി ഉയർന്ന റെസല്യൂഷൻ ജി.ഐ.എസ് ഭൂപടങ്ങൾ വികസിപ്പിക്കുന്നതിൽ നേതൃത്വം നൽകി.
അന്താരാഷ്ട്ര തലത്തിൽ ഗൾഫ് തീരത്ത് പരിസ്ഥിതി സംവേദനക്ഷമത സൂചികയുടെ മാപ്പിംഗിന് നേതൃത്വം നൽകിക്കൊണ്ട് സൗദി സർക്കാരിന്റെ പ്രോജക്ട് മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. കാസർകോട് ഗവ കോളേജ് ജിയോളജി വകുപ്പിൽ നിന്ന് ബി.എസ്. സി പഠനത്തിന് ശേഷം കുസാറ്റിൽ നിന്നാണ് എം.എസ്.സി മറൈൻ ജിയോളജി പാസായത്. പിന്നീട് ഈ വിഷയത്തിൽ ഡോക്ടറേറ്റും നേടി.
കീഴൂരിലെ പരേതനായ കെ.കെ. രാഘവൻ മാസ്റ്ററുടെയും എൻ. കെ. പാർവതിയുടെയും മകനാണ്. സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിൽ നിന്ന് വിരമിച്ച ഉഷാകുമാരിയാണ് ഭാര്യ. എഞ്ചിനീയറായ മകൻ ആദിത്യ ബാംഗ്ലൂരിൽ ഒരു കമ്പനിയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു. ഇളയ മകൻ സച്ചിൻ മംഗലാപുരത്ത് ദന്തഡോക്ടറാണ്.




















