പ്രിയങ്കഗാന്ധി എം.പി കള്ളാടി മണ്ണിടിച്ചില്‍ മേഖല സന്ദര്‍ശിച്ചു

വയനാട് കള്ളാടിയിലെ മണ്ണിടിച്ചില്‍ ബാധിത പ്രദേശം പ്രിയങ്കഗാന്ധി എം.പി സന്ദര്‍ശിച്ചു. കള്ളാടി തുരങ്കപാത നിര്‍മാണ മേഖലയില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങള്‍ വീക്ഷിച്ച എം.പി പ്രദേശവാസികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, നിര്‍മാണ കരാറുകാരായ ദിലീപ് ബില്‍ഡ്‌കോണ്‍ അധികൃതര്‍ എന്നിവരുമായി ആശയവിനിമയം നടത്തി.

മണ്ണിടിച്ചിലില്‍ വീട് നഷ്ടമായ കള്ളാടി പുളിക്കലകത്ത് അമ്മാറമ്പത്ത് അഷ്‌റഫും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബവും പ്രിയങ്കാഗാന്ധിയെ ദുരന്തസ്ഥലത്തെത്തി ആശങ്കയറിയിച്ചു. സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് എം.പി കുടുംബത്തിന് ഉറപ്പുനല്‍കി.

മണ്ണിടിച്ചില്‍ അപകടത്തില്‍ പരിക്കേറ്റ് മേപ്പാടി വിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും എം.പി സന്ദര്‍ശിച്ചു. ആശുപത്രിയിലെ അഞ്ച്, ആറ് വാര്‍ഡുകളില്‍ ചികിത്സയില്‍ കഴിയുന്ന മധ്യപ്രദേശ് സ്വദേശികളായ രജനീഷ്, സൂരജ് യാദവ് എന്നിവരുമായും ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള ദിലീപിന്റെ കുടുംബാംഗങ്ങളുമായും സംസാരിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച് ഡോക്ടര്‍മാരുമായും ആശുപത്രി അധികൃതരുമായും ചര്‍ച്ച നടത്തി.

റവന്യൂ മന്ത്രി എ.പി അനില്‍കുമാര്‍, കൃഷി മന്ത്രി ടി സിദ്ദീഖ്, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഉഷ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഹംസ, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ജില്ലാ പൊലീസ് മേധാവി എസ്. ദേവമനോഹര്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ തുടങ്ങിയവര്‍ എം.പിയെ അനുഗമിച്ചു.

ദുരന്തമുഖത്ത് വയനാട്ടുകാര്‍ ഒറ്റക്കെട്ടായി നിലകൊണ്ടു

ജില്ല എപ്പോഴൊക്കെ  പ്രകൃതിദുരന്തത്തിന് സാക്ഷ്യംവഹിച്ചോ അപ്പോഴൊല്ലാം വയനാട്ടിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിലകൊണ്ട് ദുരന്തമുഖത്ത് സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന്  പ്രിയങ്ക ഗാന്ധി എം.പി പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കള്ളാടി മണ്ണിടിച്ചില്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എം.പി .

മറ്റുള്ളവരെ സഹായിക്കാന്‍ മുന്നോട്ട് വന്ന എല്ലാവരുടെയും ധൈര്യത്തെയും സേവന മനോഭാവത്തെയും അഭിനന്ദിക്കുന്നതായും മരിച്ചവരുടെ ആത്മാക്കള്‍ക്ക് പ്രണാമം അര്‍പ്പിക്കുന്നതായും എം.പി അറിയിച്ചു. രക്ഷാപ്രവര്‍ത്തന- ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായ വിവിധ സേനാ വിഭാഗങ്ങള്‍, സന്നദ്ധസേന പ്രവര്‍ത്തകര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി.

പുളിയാര്‍മല കൃഷ്ണ ഗൗഡര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ റവന്യൂ മന്ത്രി എ.പി അനില്‍കുമാര്‍, കൃഷി മന്ത്രി അഡ്വ. ടി സിദ്ദീഖ്, എം.എല്‍.എമാരായ  ഐ.സി ബാലകൃഷ്ണന്‍, ഉഷ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ തുടങ്ങിയവർ പങ്കെടുത്തു.