ചെമ്പൈ സംഗീതോത്സവം: കലാമണ്ഡലത്തിൽ സംഗീത സെമിനാർ
ചെമ്പൈ സംഗീതോത്സവത്തിന്റെ, സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗുരുവായൂർ ദേവസ്വത്തിൻ്റെ നേതൃത്വത്തിൽ കേരള കലാമണ്ഡലത്തിൽ സംഗീത സെമിനാർ നടത്തി.സെമിനാർ കലാമണ്ഡലം വൈസ് ചാൻസലർ പ്രൊഫ.ഡോ.ബി.അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പരമ്പരാഗതമായ അതിർത്തികളെ മറികടന്ന് മുന്നേറുമ്പോഴാണ് അക്കാദമിക് സ്ഥാപനങ്ങൾ വളർച്ച പ്രാപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.സംഗീതത്തിൻ്റെ ലോകം വിശാലമാണ്. 19-ാം നൂറ്റാണ്ടിൽ സംഗീതം കൈകാര്യം ചെയ്യുന്ന രീതിയല്ല ഇന്നത്തേത്. പഴയ രീതിയുടെ തടവുകാരായി വിദ്യാർത്ഥികൾ മാറരുത്.
മാറ്റത്തെ ആസ്വാദകർ അംഗീകരിക്കുന്നു. ഈ മാറ്റത്തെ ഉൾകൊണ്ട് സംഗീതത്തിൽ പുതിയ സാധ്യതകൾ തുറന്നു നൽകാനാണ് സെമിനാറുകൾ നടത്തുന്നത്. സംഗീത വിദ്യാർത്ഥികൾക്ക് പുതിയ ഭാവന നൽകാൻ ഇത് വഴി തെളിക്കും – അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് അധ്യക്ഷനായി. കലാമണ്ഡലം രജിസ്ട്രാർ ഡോ.പി.രാജേഷ്‌കുമാർ, സ്വാഗതം ആശംസിച്ചു.
ശബ്ദലേഖനത്തിലെ നൂതന സങ്കേതങ്ങൾ എന്ന വിഷയത്തിൽ ശബ്ദലേഖന വിദഗ്ധൻ സജി ആർ. പ്രബന്ധം അവതരിപ്പിച്ചു.
ശബ്ദലേഖനത്തിലെ പുതിയ സോഫ്റ്റ് വെയറുകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.സംഗീത സംവിധായകൻ മനു രമേശ് തൽസമയ ശബ്ദലേഖന സാങ്കേതികവിദ്യകൾ അവതരിപ്പിച്ചു. ഓഡിയോ എൻജീനിയർമാരായ കൃഷ്ണചന്ദ്രൻ ,പ്രദീപ് എന്നിവർ സഹായികളായി. സംഗീത വിഭാഗം അസി.പ്രൊഫസർ കെ. മണികണ്ഠൻ മോഡറേറ്ററായി. ഡോ.പി.രാജേഷ്‌കുമാർ സ്വാഗതം പറഞ്ഞു. അറുപതിലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു




















