കഥകളിയിലെ സോപാനസംഗീത രാഗങ്ങളുമായി കലാനിലയം ഹരി

സോപാന സംഗീതരാഗ കഥകളി പദങ്ങളുടെ രംഗാവതരണം സംഗീത പ്രേമികളെ ആനന്ദത്തിലാഴ്ത്തി. കലാനിലയം ഹരിയും സംഘവുമാണ്  കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രമുറ്റത്ത് കഥകളി പദകച്ചേരി അവതരിപ്പിച്ചത്.

സോപാന സംഗീത രാഗങ്ങളിലുള്ള ഒട്ടേറെ കഥകളി പദങ്ങൾ പാടി. സോപാന സംഗീത സഭയുടെ നാലാം വാർഷികാഘോഷമായ ദേവായനം പരിപാടിയിലാണിത്. തോടയം, ദണ്ഡകം എന്നിവയിൽ അവതരിപ്പിക്കാറുള്ള രാഗ പദങ്ങളും മറ്റ് കഥകളി പദങ്ങളും പാടി. രാഗത്തിൻ്റെ പ്രത്യേകതകളും കലാനിലയം ഹരി ആസ്വാദകർക്കായി വിവരിച്ചു.

പാടി, പുറനീർ, മലമ തുടങ്ങിയ അപൂർവ്വരാഗങ്ങളും വിസ്തരിച്ചു. ഭൂപാള രാഗത്തിലുള്ള ജയിക്ക, ജയിക്ക കൃഷ്ണാ… സുരുട്ടിയിലുള്ള പുഷ്ക്കരവിലോചനം… ശ്രീരാഗത്തിലുള്ള അജിതാ ഹരേ… തുടങ്ങിയ പദങ്ങൾ ആസ്വാദകരെ പിടിച്ചിരുത്തി. കലാമണ്ഡലം വിനീഷ് കൂടെ പാടി.