എൽ നിനോയെ നേരിടാൻ ശാസ്ത്രീയ മുന്നൊരുക്കം വേണം- ഡോ.കെ.കെ.രാമചന്ദ്രൻ
എൽ നിനോയുടെ പ്രത്യാഘാതങ്ങളെ നേരിടാൻ ശാസ്ത്രീയ അറിവും കാലാവസ്ഥാ നിരീക്ഷണവും പ്രാദേശിക അനുഭവങ്ങളും സംയോജിപ്പിച്ചുള്ള മുന്നൊരുക്കം അനിവാര്യമാണെന്ന്
കേരള സർക്കാർ ശാസ്ത്ര സാങ്കേതിക വകുപ്പ് എക്സ്-ഒഫീഷ്യോ പ്രിൻസിപ്പൽ സെക്രട്ടറിയും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ഡോ.കെ.കെ. രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.
വയനാട് പുത്തൂർവയൽ എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മറ്റു പ്രദേശങ്ങളിൽനിന്ന് വ്യത്യസ്തമായ ജൈവ വൈവിധ്യവും ഭൂപ്രകൃതിയും മഴയുടെ വിതരണ രീതിയുമുള്ള വയനാട്ടിൽ എൽനിനോയുടെ പ്രത്യാഘാതങ്ങൾ പ്രാദേശിക സവിശേഷതകൾ മുൻനിർത്തി പരിഗണിക്കേണ്ടതുണ്ട്.
ഇതിനായി വിവിധ മേഖലകളെ ഏകോപിപ്പിച്ചുള്ള ആസൂത്രണവും ശാസ്ത്രീയ മുന്നൊരുക്കവും ശക്തിപ്പെടുത്തണമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ഗവേഷണ നിലയം കേരളം ഏരിയാ ഡയരക്ടർ ഡോ.സി.തമ്പാൻ അധ്യക്ഷത വഹിച്ചു.
റീജിയണൽ അഗ്രിക്കൾച്ചറൽ റിസർച്ച് സ്റ്റേഷൻ അസോസിയേറ്റ് പ്രൊഫസർ ഡോ. ഷാജിഷ് ജാൻ, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി സ്പെഷ്യൽ ഓഫീസർ ഡോ.ജോർജ് ചാണ്ടി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. മൊയ്തീൻ ഷാ, വയനാട് ഗവ. മെഡിക്കൽ കോളേജിലെ ഡോ. കെ.അപർണ പ്രകാശ്, വയനാട് വൈൽഡ് ലൈഫ് വാർഡൻ അജിത് രാമൻ, ഇ.എസ്. ലക്ഷ്മിപ്രിയ, പി.ജെ.മാനുവല്‍, ടി. സി.ജോസഫ്, എ.ദേവകി,ഡോ. ഹർഷ് റെജി, പി.സി.സനിൽ എന്നിവർ പ്രസംഗിച്ചു.




















